കേരളം
എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പ്; കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഓൺലൈൻ ഫണ്ട് നീക്കം വന്നതോടെ തട്ടിപ്പിന് കൂടുതൽ സൗകര്യമായി. പാവപ്പെട്ടവരെ പറ്റിച്ച് ഫണ്ട് തട്ടാൻ എളുപ്പമായെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഫണ്ട് തട്ടിയ കേസിൽ മുഖ്യപ്രതി രാഹുല്‍ ദിവസങ്ങള്‍ക്ക് മുമ്പ് കീഴടങ്ങിയിരുന്നു.
പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികള്‍ക്കുള്ള പഠനമുറി നിർമ്മാണം, വിവാഹസഹായം എന്നി ആനുകൂല്യങ്ങളാണ് ക്ലർക്ക് രാഹുൽ തട്ടിയെടുത്തത്. പഠനമുറി നിർമ്മാണത്തിന് രണ്ട് ലക്ഷം രൂപയും വിവാഹ സഹായമായി 75,000 രൂപയും ഗ്രാന്റായി നൽകുന്ന പദ്ധതിയിൽ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇയാളുടെ സ്ഥലം മാറ്റത്തിന് ശേഷം വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തി പൊലീസിനെ അറിയിച്ചത്.
മൂന്ന് മാസം മുൻപ് നടത്തിയ പരിശോധനയിൽ 75 ലക്ഷം രൂപ തട്ടിയെന്ന് കണ്ടെത്തി. തുടർന്ന് രാഹുൽ ഒളിവിൽ പോയി. പൊലീസ് അന്വേഷണം ഇഴയുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തുടർന്നണ് ഇയാള്‍ മ്യൂസിയം സ്റ്റേഷനിൽ കീഴടങ്ങിയത്.