ദേശീയം
ഇനി എളുപ്പത്തില്‍ പണം പിന്‍വലിക്കാം; രണ്ടു പുതിയ പരിഷ്‌കാരങ്ങളുമായി എസ്ബിഐ
പണം പിന്‍വലിക്കല്‍ കൂടുതല്‍ സുഗമമാക്കാന്‍ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ യോനോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ‘യോനോ ഫോര്‍ എവരി ഇന്ത്യന്‍’ എന്ന പേരിലാണ് പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചത്.
യോനോയുടെ പരിഷ്‌കരിച്ച ആപ്പില്‍ യുപിഐ സേവനങ്ങള്‍ ലഭിക്കുന്നവിധമാണ് സേവനം മെച്ചപ്പെടുത്തിയത്. സ്‌കാന്‍ ചെയ്ത് പണം നല്‍കാനും കോണ്‍ടാക്ട്‌സ് തെരഞ്ഞെടുത്ത് പണം നല്‍കാനും പണം ആവശ്യപ്പെടാനും കഴിയുന്നവിധമാണ് യോനോ ഫോര്‍ എവരി ഇന്ത്യന്‍ ക്രമീകരിച്ചിരിക്കുന്നത്. എസ്ബിഐയുടെ 68-ാം വാര്‍ഷികത്തിലാണ് പുതിയ സേവനം അവതരിപ്പിച്ചത്. മറ്റു ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സംവിധാനം.
ഇതിന് പുറമേ ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ സേവനവും എസ്ബിഐ ആരംഭിച്ചു. യുപിഐ ഉപയോഗിച്ച് എടിഎം കൗണ്ടറുകളില്‍ നിന്ന് പണം പിന്‍വലിക്കാവുന്ന രീതിയാണിത്. യുപിഐ ‘ക്യൂആര്‍ ക്യാഷ്’ഫീച്ചര്‍ ഉപയോഗിച്ചാണ് പണം പിന്‍വലിക്കേണ്ടത്.
ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ സേവനം ക്രമീകരിച്ചിരിക്കുന്ന എടിഎമ്മുകളില്‍ നിന്ന് മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കൂ. മറ്റു ബാങ്ക് ഉപഭോക്താക്കള്‍ക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. എടിഎം സ്‌ക്രീനില്‍ തെളിഞ്ഞുവരുന്ന ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തേണ്ടത്. യുപിഐയിലെ സ്‌കാന്‍ ആന്റ് പേ ഫീച്ചര്‍ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പണം പിന്‍വലിക്കാവുന്നതാണെന്നും എസ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു.