കേരളം
2000 രൂപ നോട്ട് മാറി ലഭിക്കാൻ ഫോം പൂരിപ്പിക്കേണ്ട കാര്യമില്ല; വിശദീകരിച്ച് എസ്ബിഐ
2000 രൂപ നോട്ട് മാറി ലഭിക്കാൻ ഫോം പൂരിപ്പിക്കലിന്റെയോ, തിരിച്ചറിയൽ രേഖയുടെയോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബി പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഒറ്റ തവണ 10 നോട്ടുകൾ വരെ മാറ്റി നൽകുമെന്നും, ഈ പരിധിയിലുള്ള ഇടപാടുകൾക്ക് മറ്റ് രേഖകളുടെ ആവശ്യമില്ലെന്നുമാണ് എസ്ബിഐ പറഞ്ഞിരിക്കുന്നത്.
ജനങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകൾ സെപ്തംബർ 30നോ അതിന് മുൻപോ ആയി ബാങ്കുകളിൽ ഏൽപ്പിക്കണമെന്നാണ് നിർദേശം. മെയ് 19നാണ് ആർബിഐ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇതിന് പിന്നിലെ കാരണവും ആർബിഐ തന്നെ വിശദീകരിക്കുന്നുണ്ട്. 2016ൽ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതെന്ന് ആർബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകൾ രംഗപ്രവേശം ചെയ്തത്.
ഇപ്പോൾ കറൻസിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ 500,200 നോട്ടുകൾ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുവെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ 2000 നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ജനങ്ങളുടെ കൈവശമുള്ളതിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുൻപ് പുറത്തിറക്കിയിട്ടുള്ള 2000 രൂപ നോട്ടുകളാണ്. 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു. ഇത്തരമൊരു പശ്ചാത്തലത്തിൽ 2000 രൂപാ നോട്ടുകൾ അവ എന്തിനാണോ ആവിഷ്‌കരിച്ചത് ആ ലക്ഷ്യം പൂർത്തിയാക്കി എന്ന് വിലയിരുത്തിയതിനാലാണ് അവ പിൻവലിക്കുന്നതെന്ന് ആർബിഐ വിശദീകരിക്കുന്നു.