ദേശീയം
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ സ്കോര്‍പിയോയ്ക്ക് സച്ചിന്‍ വാസെ അകമ്പടി സേവിച്ചെന്ന് എന്‍.ഐ.എ
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സസ്‌പെന്‍ഷനിലായ മുംബയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയ്ക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കി.സ്ഫോടകവസ്തുക്കള്‍ നിറച്ച സ്കോര്‍പിയോ അംബാനിയുടെ വസതിക്ക് മുന്നിലേക്ക് സഞ്ചരിക്കവെ, സച്ചിന്‍ തന്റെ ഔദ്യോഗിക വാഹനമായ ഇന്നോവയില്‍ അകമ്ബടി സേവിച്ചതായി എന്‍.ഐ.എ ആരോപിച്ചു.
ഫെബ്രുവരി 25ന് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്ന് കാട്ടിക്കൊടുത്തതും വാസെയാണെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കി. സച്ചിന്റെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഫെബ്രുവരി 24ന് വാസെയുടെ ഔദ്യോഗിക വാഹനം പൊലീസ് ആസ്ഥാനത്ത് പാര്‍ക്ക് ചെയ്ത ശേഷം വീട്ടില്‍ പോയതായി ഡ്രൈവറായ പൊലീസുകാരന്‍ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അവിടെ നിന്ന് വാസെ താമസിക്കുന്ന താനെയിലേക്ക് കാര്‍ ഓടിച്ചെത്തിച്ചത് ആരാണെന്ന് വ്യക്തമല്ല.
ഏതെങ്കിലും പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരിക്കാമെന്ന് എന്‍.ഐ.എ സംശയിക്കുന്നു.
അതേസമയം ചൊവ്വാഴ്ച രാത്രി വാസെ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന മേഴ്സിഡസ് ബെന്‍സ് കാര്‍ എന്‍.ഐ.എ പിടിച്ചെടുത്തിരുന്നു. ഈ കാറില്‍നിന്ന് അഞ്ച് ലക്ഷം രൂപ, നോട്ടെണ്ണല്‍ യന്ത്രം, ബിയര്‍ കുപ്പികള്‍, എസ്.യു.വിയുടെ വ്യാജ നമ്ബര്‍പ്ലേറ്റ് തുടങ്ങിയവ കണ്ടെടുത്തു. മനീഷ ഭാവ്സര്‍ എന്നയാളുടെ പേരിലാണ് ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും വാസെ, കമ്മിഷണര്‍ ഓഫീസിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്നത് ഈ വാഹനത്തിലാണെന്ന് എന്‍.ഐ.എ വ്യക്തമാക്കി.
കാറില്‍നിന്ന് കണ്ടെടുത്ത വസ്ത്രങ്ങളില്‍ ഒരു ഷര്‍ട്ടും മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ എസ്.യു.വി വാഹനം ഉപേക്ഷിച്ചയാള്‍ ഇതേ ഷര്‍ട്ടും പി.പി.ഇ കിറ്റും ധരിച്ചാണ് എത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. അതിനാല്‍ വാസെ തന്നെയാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചതെന്നാണ് നിഗമനം. സംഭവത്തിന് ശേഷം പി.പി.ഇ കിറ്റ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചിട്ടുണ്ടാകുമെന്നുമനു അന്വേഷണസംഘം കരുതുന്നത്.
അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ സ്‌കോര്‍പിയോ, മന്‍സുക് ഹിരണിന്റേത് അല്ലെന്നും വാസെയാണ് ഉപയോഗിച്ചിരുന്നതെന്നുമുള്ള ഹിരണിന്റെ ഭാര്യയുടെ മൊഴിയും അന്വേഷിക്കുമെന്ന് എന്‍.ഐ.എ അറിയിച്ചു.