കേരളം
റഷ്യൻ മനുഷ്യക്കടത്ത്; തിരുവനന്തപുരം തീരദേശ മേഖലകളിൽ നിന്ന് ഇരുപതോളം യുവാക്കൾ അകപ്പെട്ടെന്ന് സൂചന
റഷ്യൻ മനുഷ്യക്കടത്തിൽ തിരുവനന്തപുരം തീരദേശ മേഖലകളിൽ നിന്ന് ഇരുപതോളം യുവാക്കൾ അകപ്പെട്ടെന്ന് സൂചന. അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീര മേഖലകളിലെ യുവാക്കളാണ് മനുഷ്യക്കടത്തിന് ഇരയായത്. ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് യുവാക്കളെ റഷ്യയിൽ എത്തിച്ചത്.
സാമൂഹിക മാധ്യമങ്ങൾ വഴി ജോലി വാഗ്ദാനം ചെയ്താണ് റഷ്യയിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നിരിക്കുന്നത്. ഡൽഹിയിൽ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടും ഷാർജ വഴിയുമാണ് യുവാക്കൾ റഷ്യയിൽ എത്തിയത്. കുടുങ്ങി കിടക്കുന്ന യുവാക്കളെ തിരിച്ചെത്തിക്കാൻ ഇന്റർപോളുമായി ചേർന്ന് കേന്ദ്രസർക്കാർ നടപടി തുടങ്ങി.
നേരത്തെ, അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് യുവാക്കൾ മനുഷ്യക്കടത്തിനിരയായി റഷ്യൻ യുദ്ധ മേഖലയിൽ അകപ്പെട്ടിട്ടുണ്ടെന്ന വാർത്ത പുറത്ത് വന്നിരുന്നു. അതിൽ പ്രിൻസ് എന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റതായും വിവരം ലഭിച്ചിരുന്നു. പിന്നാലെ, മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരുക്ക് പറ്റിയവരിൽ ഒരു മലയാളി കൂടിയുണ്ടെന്ന വാർത്ത ഇന്നലെ പുറത്ത് വന്നു. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഡ്രോൺ ആക്രമണത്തിൽ കാലിന് പരുക്ക് പറ്റിയത്.
സെക്യൂരിറ്റി ജോലിക്കയാണ് പൂവാർ സ്വദേശി ഡേവിഡ് റഷ്യയിലേക്ക് പോയത്. ഡൽഹിയിലെ ഒരു സ്വകാര്യ ഏജൻസി വഴിയാണ് തൊഴിൽ തരപ്പെടുത്തിയത്. റഷ്യയിലെത്തി രണ്ട് മാസത്തോളം സെക്യൂരിറ്റി ജോലി ചെയ്തു. പിന്നാലെയാണ് ഏജന്റിന്റെ സഹായത്തോടെ റഷ്യയിലേ കൂലിപ്പട്ടാളത്തിൽ ചേരുന്നത്. യുദ്ധത്തിനിടയിൽ കാലിന് പരിക്കേറ്റ ഡേവിഡ് അവിടെ നിന്നും രക്ഷപെട്ട് പള്ളിയിലെ അഭയാർഥി ക്യാംപിലാണ് ഉള്ളതെന്ന് മാതാവ് അരുൾമേരി പറഞ്ഞു.