ദേശീയം
രാജ്യത്ത് റബ്ബര്‍ ഇറക്കുമതി കുറഞ്ഞു, ആഭ്യന്തര വിപണിയില്‍ വന്‍ ഡിമാന്‍ഡ്
റബ്ബറിന്റെ വില്‍പ്പന നിരക്ക് 170 രൂപ മറികടന്ന് കുതിക്കുന്നു. കോട്ടയം വിപണിയില്‍ നിന്ന് ഏറ്റവും അവസാനമായി പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കിലോയ്ക്ക് 171 രൂപയാണ്. ഈ അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റബ്ബര്‍ പ്രധാനമായും ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ സീസണ്‍ കഴിയുന്ന സാഹചര്യം വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ വലിയ ക്ഷാമത്തിനാണ് വഴിയൊരുക്കിയത് .
രാജ്യത്തേക്ക് റബ്ബറിന്റെ ഇറക്കുമതി ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. കൂടാതെ ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ കൂടുകയും ചെയ്തതോടെ നിരക്ക് വര്‍ദ്ധനയ്ക്കാണ് ഇടയാക്കിയത്. കൂടാതെ കൊവിഡ് ലോക്ക്ഡൗണിന് ശേഷം വ്യവസായ മേഖലയിലുണ്ടായ ഉണര്‍വ്വും വില ഉയരാന്‍ കാരണമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തില്‍ റബ്ബറിന്റെ നിരക്കില്‍ കിലോയ്ക്ക് 165 – 167 രൂപ നിരക്കിലായിരുന്നു ഉണ്ടായിരുന്നത്. അതേസമയം റബ്ബറിന്റെ താങ്ങുവില സംസ്ഥാന സര്‍ക്കാര്‍ 170 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.വരുംദിവസങ്ങളിൽ വില കുറച്ചുകൂടി ഉയർന്നേക്കുമെന്നാണ് സൂചന.
അന്താരാഷ്‌ട്ര മാർക്കറ്റിൽ റബ്ബറിന്റെ ലഭ്യത കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണം. ഇതിനുമുൻപ് 2013 സെപ്റ്റംബറിലാണ് റബ്ബറിന് 170 രൂപയുണ്ടായിരുന്നത്. 2011ൽ 240 രൂപയിലെത്തിയശേഷം താഴേക്കുവരുന്ന ഘട്ടമായിരുന്നു അത്. പിന്നീടുള്ള വർഷങ്ങളിൽ വിലയിൽ പല കയറ്റിറക്കങ്ങൾ കണ്ടെങ്കിലും വില ഈ നിലയിലേക്ക് ഉയർന്നിരുന്നില്ല.
രാജ്യത്ത് വാഹനവിപണിയിലുണ്ടായ ഉണർവും വില ഉയരാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് കേന്ദ്രസർക്കാർ ചൈനയിൽനിന്നുള്ള ടയറിന്റെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ ടയർ കമ്പനികൾ ആഭ്യന്തരമാർക്കറ്റിൽനിന്ന് കൂടുതലായി റബ്ബർ വാങ്ങിത്തുടങ്ങി.