കേരളം
‘ആര്‍എസ്എസ് നിരോധിക്കണം’; വിമർശനങ്ങൾക്കെതിരെ മറുപടിയുമായി ആര്‍എസ്എസ് രംഗത്ത്
പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിരോധനം വന്നതിന് പിന്നാലെ ആര്‍എസ്എസ് നിരോധനം എന്ന ആവശ്യവുമായി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ അടക്കം രംഗത്ത് വന്നിരുന്നു. ഇതിനെതിരെ മറുപടിയുമായി ആർഎസ്എസ് രംഗത്ത് എത്തി.
പോപ്പുലർ ഫ്രണ്ടിനോട് ഉപമിച്ചു ആര്‍എസ്എസിനെ നിരോധിക്കണം എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധവും ഭരണ ഘടനാവിരുദ്ധവുമാണെന്നാണ് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പ്രതികരിച്ചത്. ഇത്തരം ആവശ്യം ഉന്നയിക്കുന്നതിലൂടെ കോൺഗ്രസിനും ഇടത് കക്ഷികള്‍ക്കും രാജ്യത്തെ വിഭജിക്കാൻ കൂട്ടു നിന്നവരുടെ അതെ ശബ്ദമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആര്‍എസിഎസിനെ കുറ്റം പറഞ്ഞു കോൺഗ്രസിന് പാപം കഴുകിക്കളയാം എന്ന് കരുതണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസിഎസിനെ നിരോധിക്കാൻ ശ്രമിച്ച എല്ലാ തവണയും കോൺഗ്രസ് പരാജയം അറിഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് ജധിപത്യതിന്‍റെ സംരക്ഷകർ എന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. അതേ സമയം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ച ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് ആര്‍എസ്എസ് നിരോധനത്തിന് അർഹമായ ഹിന്ദു തീവ്രവാദ സംഘടനയാണെന്ന് വിശേഷിപ്പിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ലാലു പ്രസാദ് യാദവ്. “അവർ (ബിജെപി) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് ആശങ്കകൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു വർഗീയത ഉയർത്തിപ്പിടിക്കുന്ന ആർഎസ്എസ് ആണ് ആദ്യം നിരോധിക്കപ്പെടാൻ യോഗ്യതയുള്ള സംഘടന.”- ലാലുപ്രസാദ് യാദവ് പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ച് തന്റെ മുസ്ലീം പിന്തുണാ അടിത്തറ ഉറപ്പിക്കുകയാണ് ലാലു പ്രസാദ് ലക്ഷ്യമിടുന്നതെന്ന് ബിജെപി പ്രതികരിച്ചു. ആർഎസ്എസിനോടും അതിന്റെ സാംസ്കാരിക ദേശീയതയോടും അദ്ദേഹത്തിന് ശത്രുതയുണ്ട് എന്നും ബീഹാർ ബിജെപി വക്താവ് നിഖിൽ ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു. അതേ സമയം പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും.നിരോധനത്തിന്റെ തുടർ നടപടികളും സംസ്ഥാനങ്ങളിൽ ഇന്ന് ഉണ്ടാകും.
ആസ്തികൾ കണ്ടു കെട്ടുന്നതും ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കുന്നതും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്.അതെ സമയം നിരോധനത്തിനു ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കം കേന്ദ്ര സർക്കാർ നിരീക്ഷിക്കും.