കേരളം
ഡോ. വന്ദനയ്ക്ക് കണ്ണീരോടെ വിടചൊല്ലി നാട്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാ ദാസിന് കേരളത്തിന്റെ അന്ത്യാഞ്ജലി. വന്ദനയുടെ സംസ്കാര ചടങ്ങുകൾ കോട്ടയം മുട്ടുചിറയിലെ വീട്ടിൽ പുരോഗമിക്കുന്നു.
മന്ത്രി വി.എൻ.വാസവൻ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്. കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ശേഷം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്.
മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ഗതാഗത തടസ്സം പരിഹരിക്കാൻ കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെയുള്ള പ്രദേശങ്ങളിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.