ദേശീയം
ജിയോ 5ജി സേവനങ്ങൾക്ക് നാളെ തുടക്കം; നാല് നഗരങ്ങളിൽ ആദ്യം ലഭ്യമാകും
രാജ്യത്ത് 5ജി സേവനങ്ങൾക്ക് റിലയൻസ് ജിയോ നാളെ തുടക്കമിടും. പരീക്ഷണാടിസ്ഥാനത്തിൽ നാല് നഗരങ്ങളിലാണ് 5ജി സേവനങ്ങൾ ആരംഭിക്കുന്നത്. ദസറ ആഘോഷിക്കുന്ന നാളെ മുംബൈ, ഡൽഹി, കൊൽക്കത്ത, വാരാണസി നഗരങ്ങളിലാണ് സേവനങ്ങൾക്ക് തുടക്കമിടുന്നത് കമ്പനി വ്യക്തമാക്കി.
ദസറയുടെ ശുഭ അവസരത്തിൽ തങ്ങളുടെ 5ജി സേവനങ്ങളുടെ ബീറ്റ ട്രയൽ ആരംഭിക്കുമെന്ന് റിലയൻസ് ജിയോ ചൊവ്വാഴ്ച അറിയിച്ചു. ഡിജിറ്റൽ സൊസൈറ്റിയായി ഇന്ത്യയുടെ പരിവർത്തനം വേഗത്തിലാക്കുക എന്നതാണ് 425 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ജിയോയുടെ ദൗത്യമെന്ന് കമ്പനി പറയുന്നു. 5ജി കണക്റ്റിവിറ്റിയും സാങ്കേതിക വിദ്യയും ജീവിതത്തെ മെച്ചപ്പെടുത്തുകയും ഉപജീവന മാർഗം വർദ്ധിപ്പിക്കുകയും ചെയ്യും. മനുഷ്യരാശിയെ സേവിക്കാൻ അവസരമായും കമ്പനി മാറ്റത്തെ കാണുന്നു.
2023 ഡിസംബറില്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ നേരത്തെ അറിയിച്ചിരുന്നു. അടുത്ത തലമുറ കണക്റ്റിവിറ്റി സാങ്കേതിക വിദ്യയേക്കാള്‍ വളരെയേറെയാണ് 5 ജി സേവനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ചെയിന്‍ & മെറ്റാവേര്‍സ് തുടങ്ങിയ 21ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകളുടെ മുഴുവന്‍ സാധ്യതകളും തുറന്നിടുന്ന അടിസ്ഥാന സാങ്കേതികവിദ്യയാണിതെന്ന് റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി പറഞ്ഞു.
5ജി മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യ പരിപാലനം എന്നിവയ്ക്ക് സംഭാവന ചെയ്യും. നഗരഗ്രാമ വ്യത്യാസം ഇല്ലാതാക്കും, ചെറുകിട സംരംഭ മേഖലയെ പിന്തുണയ്ക്കും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ എല്ലാ മേഖലയിലും എത്തിക്കുന്നതിലൂടെ 5ജിയ്ക്ക് ഇന്ത്യയെ ലോകത്തെ ഇന്റലിജന്‍സ് തലസ്ഥാനമാക്കി മാറ്റാനാവുമെന്നും മുകേഷ് അംബാനി പറഞ്ഞു.