Connect with us

കേരളം

മുഖ്യമന്ത്രിയുടെ തൃശൂരിലെ വാർത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ

Published

on

ഇനി ഒൻപതു ദിവസമാണ് അവശേഷിക്കുന്നത്. ഇന്നേക്ക് പത്താം ദിവസം വോട്ടെടുപ്പാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏറ്റവും തീക്ഷ്ണമായ ഘട്ടത്തിലേക്ക് സംസ്ഥാനം കടക്കുകയാണ്. പതിമൂന്ന് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ ഉറപ്പിച്ച് പറയാനാകുന്ന ഒരു കാര്യം, ഇത്തവണ എൽ ഡി എഫ് മികച്ച വിജയം നേടും എന്ന് തന്നെയാണ്.

2019 ൽ ഉണ്ടായതിന്റെ നേർ വിപരീതമായ ഫലമാണ് ഇത്തവണ ഉണ്ടാവുക. ബിജെപിയും ആ പാർട്ടി നയിക്കുന്ന മുന്നണിയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്കോ അവഗണനീയമായ അവസ്ഥയിലേക്കോ തള്ളപ്പെടും. കോൺഗ്രസ്സ് നയിക്കുന്ന മുന്നണിക്ക് കേരള ജനത കനത്ത ശിക്ഷ നൽകും.

വർഗീയതയുടെ കരങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച് ജനപക്ഷ ഭരണത്തിലേക്ക് നയിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇത്. സംഘ പരിവാറിന്റെ ജനവിരുദ്ധ രാഷ്ട്രീയത്തെ നഖശിഖാന്തം എതിർക്കുന്ന എൽ.ഡി എഫ് വിജയിക്കണോ, ബിജെപി നയങ്ങളോട് ചേർന്ന് നിൽക്കുന്ന യു ഡി എഫ് ജയിക്കണോ എന്ന മൂർത്തമായ ചോദ്യമാണ് വോട്ടർമാർക്ക് മുന്നിലുള്ളത്. സംഘ് പരിവാറിന്റെ പരാജയം ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യാ രാജ്യത്തെ പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി, ഒരു പരിക്കും ഏശാതെ നിലനിർത്താനുള്ള ദൗത്യമാണ് ഈ തെരഞ്ഞെടുപ്പിന്റേത്. കേരളത്തെയും കേരളീയരെയും ലോകത്തിനു മുന്നിൽ ഇകഴ്ത്തിക്കാട്ടാനും അവഹേളിക്കാനും ഒറ്റതിരിഞ്ഞു ആക്രമിക്കാനുമുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരായ ജനവിധിയാണ് ഇത്തവണ ഉണ്ടാവുക.

കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രകടന പത്രിക പുറത്തു വന്നിട്ടുണ്ട്. വർഗ്ഗീയ അജണ്ടയാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. പ്രധാനമന്ത്രി കേരളത്തിൽ വന്നു പറഞ്ഞത് “പ്രോഗ്രസ്സ് റിപ്പോർട്ടിനെ ” കുറിച്ചാണ്. എന്നാൽ 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ബിജെപിക്ക് ധൈര്യമില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നിവ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് പ്രധാന വാഗ്ദാനങ്ങൾ. കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പുകളിലെ വാഗ്ദാനങ്ങൾ അതേപടി അവശേഷിക്കുമ്പോൾ, രാമക്ഷേത്രവും സിഎഎയും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമെല്ലാമാണ് നേട്ടമായി ബി ജെ പി എടുത്തു കാട്ടുന്നത്.

വികസിത ഇന്ത്യയുടെ നാല് ശക്തമായ തൂണുകളായ യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം എന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം പ്രധാനമന്ത്രി അവകാശപ്പെട്ടു. പത്തു കൊല്ലം കൊണ്ട് എന്ത് ശാക്തീകരണമാണ് ഉണ്ടായത് എന്ന് കൂടി പറയേണ്ടേ?

സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത താങ്ങുവില, സംഭരണത്തിൻ്റെ ഗ്യാരണ്ടി, കർഷക ആത്മഹത്യ, വായ്പ എഴുതിത്തള്ളൽ എന്നിവയെക്കുറിച്ച് പൂർണമൗനം പാലിച്ചു എങ്ങനെ കർഷകരെ ശാക്തീകരിക്കും? 2014 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കർഷകർക്കും കർഷക തൊഴിലാളികൾക്കും കടാശ്വാസം നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഒരു രൂപ പോലും മോദി സർക്കാർ ഇന്നുവരെ കടാശ്വാസം നൽകിയില്ല.
കൃഷിക്കുള്ള വിഹിതം നിരന്തരമായി വെട്ടിക്കുറയ്ക്കുന്നു. കർഷകർക്കുള്ള എല്ലാ പ്രധാന പദ്ധതികളുടെയും ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. സംഭരണം, വിള ഇൻഷുറൻസ്, ഭക്ഷ്യ വളം സബ്സിഡികൾ, തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്കുള്ള വിഹിതവും വെട്ടിക്കുറച്ചു. ഇതെങ്ങനെ ശാക്തീകരണം ആകും?

2019 ൽ പറഞ്ഞത് “2022 ഓടെ ഓരോ ഇന്ത്യക്കാരനും ഒരു വീട്” എന്നാണ്. ആ വാഗ്ദാനത്തിന്റെ ഗതി എന്തായി എന്ന് പറയേണ്ടേ? 2024 ലെ മാനിഫെസ്റ്റോയിൽ ഇതേ കുറിച്ച് പരിപൂർണ മൗനമാണ്.

കേരളത്തിന്റെ മാത്രം അനുഭവം നോക്കുക-ഭവനരഹിതരില്ലാത്ത കേരളം എന്നതാണ് സംസ്ഥാന സർക്കാരിന്റെ മുദ്രാവാക്യം. സംസ്ഥാനം സ്വപ്ന സാക്ഷാൽക്കാരത്തോട് അടുക്കുകയാണ്. നാലു ലക്ഷം വീടുകൾ എന്ന നാഴികക്കല്ല് കേരളം പൂർത്തിയാക്കിയിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ ഇതുവരെ പൂർത്തീകരിച്ചത് 4,03,558 വീടുകളാണ്. 1,00,052 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഗുണഭോക്താക്കളുടെ ആകെ എണ്ണം 5,03,610 ആണ്. ഇതിൽ എന്താണ് കേന്ദ്രത്തിന്റെ പങ്കാളിത്തം? പൂർത്തീകരിച്ച നാലു ലക്ഷം വീടുകളിൽ പി.എം.എ.വൈ ഗ്രാമീൺ പദ്ധതി വഴി 33,517 വീടുകൾക്കും (72,000 രൂപ വീതം ) പി.എം.എ.വൈ അർബൻ വഴി 83261 വീടുകൾക്കും (1,50,000 രൂപ വീതം )മാത്രമാണ് കേന്ദ്ര സഹായം ലഭിച്ചിട്ടുള്ളത്.

ലൈഫ് മിഷൻ ഇതുവരെ ആകെ ചെലവഴിച്ചത് 17490.33 കോടി രൂപ. അതിലെ കേന്ദ്ര വിഹിതം 2081.69 കോടി രൂപ മാത്രം. അതായത് 11.9 % മാത്രമാണ് പി.എം.എ.വൈ വഴി ലഭിച്ച കേന്ദ്ര സഹായം. രണ്ടു പദ്ധതികളിലെയും ഗുണഭോക്താക്കള്‍ക്ക് ബാക്കി സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എഴുപത് ശതമാനം വീടുകളും പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിര്‍മ്മിച്ചത്. എന്നിട്ടും ലൈഫ് മിഷൻ മുഴുവൻ കേന്ദ്ര സഹായമാണെന്ന് പറഞ്ഞു നടക്കുകയാണ് സംഘപരിവാർ കേന്ദ്രങ്ങൾ. അത് തന്നെയാണ് പ്രധാനമന്ത്രി കേരളത്തിൽ വന്ന് പറഞ്ഞതും പ്രകടന പത്രികയിൽ ആവർത്തിച്ചതും. സംസ്ഥാനം ഉണ്ടാക്കിയ നേട്ടത്തിന് മേൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് വേണമെന്നാണ് ആവശ്യം. കേരളത്തിന്റെ അനുഭവം ഇതാണെങ്കിൽ, മറ്റു സംസ്ഥാനങ്ങളുടെ കാര്യം ഊഹിക്കാവുന്നതേ ഉള്ളൂ.

യുവജനങ്ങളോടുള്ള സമീപനമോ? തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറല്ല. തൊഴിലില്ലായ്മ സംബന്ധിച്ച സർവ്വേ റിപ്പോർട്ടുകൾ പുറത്തു വരാതിരിക്കാൻ കാട്ടിയ വ്യഗ്രതയാണ് “നേട്ടം”. തൊഴിലുള്ള ഇന്ത്യക്കാരുടെ എണ്ണം 2013-ൽ 44 കോടിയായിരുന്നെങ്കിൽ 2021 ആയപ്പോഴേയ്ക്കും 38 കോടിയായി കുറഞ്ഞു. അതേ സമയം തൊഴിലെടുക്കാൻ സാധ്യമായ പ്രായമുള്ളവരുടെ എണ്ണം 79 കോടിയിൽ നിന്നും 106 കോടിയായി ഉയരുകയും ചെയ്തു. തൊഴിലെടുക്കുന്നവരിൽ സ്ത്രീകളുടെ ശതമാനം 2013-ൽ 36 ശതമാനം ആയിരുന്നെങ്കിൽ 2021 ആയപ്പോൾ അത് 9.24 ശതമാനം ആയി കുറഞ്ഞു. സ്ഥിരം തൊഴിൽ ഒരു സ്വപ്നം പോലും അല്ലാതായി മാറി. എട്ടുവർഷംകൊണ്ട് (2014-2022) കേന്ദ്ര ഗവൺമെന്റ് സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഉദ്യോഗം നൽകിയത് വെറും 7.22 ലക്ഷം പേർക്കാണ്. പുതുതായി ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല. കേന്ദ്ര സർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി നിലവിലുള്ള 10 ലക്ഷത്തോളം തസ്തികളിൽ നിയമനം മരവിപ്പിച്ചു. റെയിൽവേയിൽ മാത്രം മൂന്നുലക്ഷം ഒഴിവുകളാണ് നികത്താതെ ഇട്ടിരിക്കുന്നത്. പട്ടാളത്തിൽ പോലും സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കി കരാർ നിയമനങ്ങൾ കൊണ്ടുവരുന്നു. യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ പതുക്കെ പിന്മാറുകയാണ്. വർഷം രണ്ടുകോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപിയുടെ പ്രകടനമാണിത്.

കഴിഞ്ഞ 10 വർഷം കൊണ്ട് ബിജെപി നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കിയെന്നും അവകാശപ്പെടുന്ന പ്രകടന പത്രിക, ആർക്ക് നൽകിയ വാഗ്ദാനമാണ് പാലിക്കപ്പെട്ടത് എന്നതിൽ മൗനം ദീക്ഷിക്കുകയാണ്. ഗ്യാരണ്ടി കിട്ടിയത് രാജ്യത്തെ കോർപ്പറേറ്റുകൾക്കാണ്. കഴിഞ്ഞ 5 കൊല്ലത്തിനിടെ 10 ലക്ഷം കോടിയോളം രൂപയുടെ കോർപ്പറേറ്റ് ലോണുകളാണ് പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത്.
പൗരത്വ ഭേദഗതി നിയമം കേമത്തമായി പറയുകയും ഏക സിവിൽ കോഡ് അടക്കമുള്ള അജണ്ട മുൻനിർത്തി രാജ്യത്ത് ധ്രുവീകരണത്തിന് വഴിമരുന്നിടുകയും ചെയ്യുന്ന ബിജെപി പ്രകടന പത്രികയുടെ ജനകീയ വിചാരണയാണ് ഈ തെരഞ്ഞെടുപ്പിൽ നടക്കുക.
പ്രകടനപത്രികയിൽ സ്വീകരിച്ച അതേ കാപട്യ സമീപനമാണ് ബിജെപി കേരളത്തോട് ഒരു സംസ്ഥാനമെന്ന നിലക്ക് നിരന്തരം സ്വീകരിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്ന് നടത്തിയ രണ്ടു പ്രസംഗങ്ങളിലും അതാണ് കണ്ടത്.

ഒറ്റ വിഷയം മാത്രം ഇവിടെ സൂചിപ്പിക്കാം. കടമെടുപ്പ് പരിധി വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് കേരളത്തിന് തിരിച്ചടി എന്ന് പ്രധാന മന്ത്രി പറഞ്ഞത് കേട്ടു. കേരളത്തിന് തിരിച്ചടിയാണോ ഉണ്ടായത്?
ഭരണഘടനയിലെ 293(3) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് കേന്ദ്രം സംസ്‌ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശത്തിനുമേൽ കടന്നുകയറിയത്. കിഫ്‌ബിയും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയും കടമെടുക്കുന്ന തുക “ഓഫ് ബജറ്റ് ബോറോയിങ്” ആയി പരിഗണിക്കുമെന്നും അത് സംസ്‌ഥാന സർക്കാരിന്റെ കടമെടുപ്പായി കണക്കാക്കുമെന്നുമാണ് കേന്ദ്രസർക്കാർ എടുത്ത നിലപാട്.

കേന്ദ്ര സർക്കാരിനുകീഴിലെ നാഷണൽ ഹൈവേ അതോറിറ്റി, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ തുടങ്ങിയ ഏജൻസികൾ എടുക്കുന്ന വായ്പ കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിൽ പെടുത്താത്തപ്പോഴാണ് സംസ്‌ഥാനങ്ങൾക്കെതിരെ ഇങ്ങനെയൊരു നിലപാട്. ഈ നിലപാടിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിലെ എൻട്രി 43 പ്രകാരം സംസ്ഥാന കടമെടുപ്പ് പൂർണമായും നിയമസഭയുടെ അധികാര പരിധിയിലുള്ളതാണ്. ഇതിൽ നിയന്ത്രണങ്ങൾ വരുത്താനുള്ള കേന്ദ്രത്തിന്റെ അധികാര പ്രയോഗം ഭരണഘടനാ വിരുദ്ധമാണ്. ഇതാണ് കേരളം സുപ്രീം കോടതിയിൽ ഉന്നയിച്ച കാതലായ വാദം. വായ്പയെടുക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേൽ കേന്ദ്രം ചെലുത്തുന്ന നിയന്ത്രണാധികാരങ്ങൾ വിശദമായി പരിഗണിക്കുന്നതിന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുകയാണ് സുപ്രീം കോടതി ചെയ്തത്. സംസ്ഥാനം ഉന്നയിക്കുന്ന വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് അങ്ങനെയൊരു വിധി ഉണ്ടായത്. ഇതിൽ എവിടെയാണ് സംസ്ഥാനത്തിന് തിരിച്ചടി?ഭരണഘടനാ ബെഞ്ചിനു മുന്നിലേക്ക് സംസ്ഥാനമുന്നയിച്ച വിഷയങ്ങൾ എത്തുന്നതോടെ കേരളത്തിന്റെ കേസിന് പുതിയ മാനങ്ങൾ ദേശീയ തലത്തിൽത്തന്നെ കൈവരികയാണ്. മറ്റ് സംസ്ഥാനങ്ങൾ കൂടി ഈ നിലയ്ക്ക് വരികയാണ്. രാജ്യത്തെ സാമ്പത്തിക ഫെഡറലിസത്തെ സംബന്ധിച്ച നിർണ്ണായകമായ കേസായി കേരളത്തിന്റെ വാദങ്ങൾ മാറുമെന്ന് ഉറപ്പായിരിക്കുകയുമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍ പതിനായിരം കോടി കൂടി അനുവദിച്ച് ഇടക്കാല ആശ്വാസം നല്‍കണമെന്ന് കേരളത്തിന്‍റെ ആവശ്യം സുപ്രീംകോടതി അനുവദിച്ചില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് ഇവിടെ പ്രതിപക്ഷ നേതാവും ഇപ്പോൾ പ്രധാനമന്ത്രിയും കേരളത്തിന് തിരിച്ചടിയെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത്. കേരളം സുപ്രീം കോടതിയിൽ നൽകിയ പരാതി പിന്‍വലിച്ചാല്‍ മാത്രം പണം തരാമെന്ന നിലപാടിലായിരുന്നില്ലേ കേന്ദ്രം. ആ പിടിവാശി സുപ്രീം കോടതി അംഗീകരിച്ചില്ല. ഭരണഘടനാ ബെഞ്ചിനു കേസ് വിട്ടതോടെ കേരളത്തിന്റെ വാദങ്ങളുടെ പ്രസക്തി വർധിച്ചു. കേരളം ഉയർത്തിയ വാദങ്ങൾ സുപ്രിംകോടതിയുടെ ഭരണ ഘടനാ ബെഞ്ച് പരിശോധിക്കുന്നതാണോ തിരിച്ചടി?

കേരളത്തെ കുറിച്ച് കടുത്ത ആക്ഷേപങ്ങൾ ഉന്നയിക്കുന്ന പ്രധാനമന്ത്രിയോട്, അദ്ദേഹം തന്നെ നയിക്കുന്ന കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയ അംഗീകാരങ്ങൾ ഒന്ന് നോക്കണം എന്നഭ്യർത്ഥിക്കുകയാണ്.

നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ ഒന്നാമത്, ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം, ആരോഗ്യ സൂചികയിൽ തുടർച്ചയായി നാല് വർഷവും ഒന്നാമത്, ഊർജ്ജ കാലാവസ്ഥ സൂചികയിൽ രണ്ടാമത്, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിനുളള കേന്ദ്രസർക്കാരിന്റെ അവാർഡ്, ഉയർന്ന ദിവസ വേതനമുള്ള സംസ്ഥാനമായി റിസർവ് ബാങ്കിന്റെ അംഗീകാരം, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രേഷ്ഠതാ സൂചികയിൽ ഒന്നാമത്. മികച്ച വാർദ്ധക്യ പരിചരണത്തിന് വയോശ്രേഷ്ഠതാ സമ്മാൻ -ഇങ്ങനെ അംഗീകാരങ്ങളുടെ നീണ്ട പട്ടികയുണ്ട്. ഇതെല്ലാം വഴി പോകുമ്പോൾ കളഞ്ഞു കിട്ടിയതാണോ? ഒരു തരത്തിലും അവഗണിക്കാൻ കഴിയാത്തത്രയും ഉയരത്തിൽ നിൽക്കുന്ന സംസ്ഥാനമായതുകൊണ്ടാണ് രാഷ്ട്രീയമായ വേട്ടയാടലിലും കേരളത്തെ അംഗീകരിക്കേണ്ടി വരുന്നത്. മേൽപ്പറഞ്ഞ റാങ്കിങ്ങുകളിൽ ഉത്തർപ്രദേശ് എത്രാം സ്ഥാനത്തു നിൽക്കുന്നു എന്നത് വരാണസി എംപി കൂടിയായ പ്രധാനമന്ത്രി സ്വയം ചോദിച്ചു നോക്കുന്നത് നന്നാവും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version