കേരളം
വിലകുറച്ച് ആധാരം റജിസ്ട്രേഷൻ; രണ്ടരലക്ഷം പേർക്കെതിരെ റിക്കവറി നടപടി
ആധാരങ്ങൾ മുദ്രവില കുറച്ചു റജിസ്റ്റർ ചെയ്തവർ കുടിശികത്തുക അടച്ചില്ലെങ്കിൽ അടുത്ത മാസം ഒന്നു മുതൽ റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കാൻ റജിസ്ട്രേഷൻ വകുപ്പ് തീരുമാനിച്ചു.
ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. മുൻപ് ഓരോ വർഷവും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശിക അടയ്ക്കാൻ അവസരം നൽകിയിരുന്നു.
അടുത്ത വർഷവും ഈ അവസരം നൽകണമെന്നായിരുന്നു റജിസ്ട്രേഷൻ വകുപ്പിന്റെ ശുപാർശ. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു പരമാവധി പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ തീർപ്പാക്കാൽ പദ്ധതി ഈ മാസം 31ന് അവസാനിപ്പിക്കും.
കുടിശികയുള്ള അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാത്തതിനാൽ, അടുത്ത വർഷം മുതൽ ബദൽ മാർഗ്ഗം സ്വീകരിക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം.
ബദൽ മാർഗ്ഗമെന്നാൽ ജപ്തി നടപടിയാണെന്നു റജിസ്ട്രേഷൻ വകുപ്പിനെ ധനവകുപ്പ് അറിയിച്ചു. ഇതനുസരിച്ച് ഈ മാസം 31നു മുൻപ് ഒറ്റത്തവണ തീർപ്പാക്കലിലൂടെ കുടിശിക അടയ്ക്കണമെന്നും ഇല്ലെങ്കിൽ റവന്യൂ റിക്കവറിയിലേക്കു കടക്കുമെന്നും ജില്ലാ റജിസ്ട്രാർമാർ അറിയിപ്പു കൈമാറിത്തുടങ്ങി.
സംസ്ഥാനത്തു രണ്ടര ലക്ഷം പേർ ആകെ 200 കോടി രൂപ കുടിശികയായി അടയ്ക്കാനുണ്ടെന്നാണു റജിസ്ട്രേഷൻ വകുപ്പിന്റെ കണക്ക്. 1986 ജനുവരി ഒന്നിനും 2017 മാർച്ച് 31നും ഇടയിൽ ആധാരങ്ങൾ വില കുറച്ചാണ് റജിസ്റ്റർ ചെയ്തതെങ്കിൽ കുടിശിക അടച്ചു മറ്റു നടപടികളിൽ നിന്ന് ഒഴിവാകാം. റജിസ്ട്രേഷൻ ഫീസ് പൂർണ്ണമായി ഒഴിവാക്കും.
കുറച്ചു കാണിച്ച മുദ്രവിലയുടെ 30% അടച്ചാൽ മതി. വില കുറച്ചു കാണിച്ചാണോ ആധാരം റജിസ്റ്റർ ചെയ്തത് എന്നറിയാൻ വെബ്സൈറ്റ് ലിങ്കിൽ പരിശോധിക്കാം. റോഡുകളുടെയും മറ്റും സാമീപ്യം കണക്കിലെടുത്തു ഭൂമിക്ക് ഉയർന്ന വിലയിടാതെ റജിസ്റ്റർ ചെയ്തവയാണു കണ്ടെത്തിയത്.