കേരളം
സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ റെക്കോർഡ് മദ്യ വിൽപ്പന
സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസം വിറ്റത് കോടിക്കണക്കിന് രൂപയുടെ മദ്യം. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യം വിൽപ്പന നടത്തിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഉത്രാട ദിവസം 121 കോടി രൂപയുടെ മദ്യം വിൽപ്പന നടത്തി. ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ഔട്ട് ലൈറ്റുകളിലൂടെ 112. 07 കോടിരൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്.
ഇരിങ്ങാലക്കുട ഔട്ട് ലൈറ്റിലൂടെ 1. 06 കോടി രൂപയുടെ മദ്യവും കൊല്ലം ആശ്രമം ഔട്ട് ലെറ്റിലൂടെ 1.01 കോടി രൂപയുടെ മദ്യവും വിൽപ്പന നടത്തി. ചിന്നക്കനാൽ ഔട്ട് ലെറ്റിലൂടെയാണ് ഏറ്റവും കുറഞ്ഞ വിൽപ്പന നടന്നത്. 6. 32 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നത്
എന്നാൽ കുടിയന്മാർക്ക് നിരാശ നൽകുന്ന മറ്റൊരു വാർത്തയും ബെവ്കോയിൽ നിന്നുണ്ട്. ഇന്നടക്കം നാല് ദിവസത്തിൽ മൂന്ന് ദിവസവും ബെവ്കോ തുറക്കില്ലെന്നതാണ് കുടിയന്മാരെ നിരാശരാക്കുന്ന ആ വാർത്ത. ബെവ്കോ മാത്രമല്ല, ഈ നാല് ദിവസത്തിൽ ബാറും രണ്ട് ദിവസം തുറക്കില്ലെന്ന് കൂടി ഏവരും അറിഞ്ഞിരിക്കുക.
തിരുവോണം, നാലാം ഓണം, എന്നീ ദിവസങ്ങളിൽ ആണ് ഓണക്കാലത്ത് സാധാരണ ഗതിയിൽ ബെവ്കോ അവധിയായിരിക്കുക. തിരുവോണത്തിന് സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് ബെവ്കോയും തുറക്കാത്തത്. നാലാം ഓണം ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. അതിനിടയിൽ ഇക്കുറി ഒന്നാം തിയതി കൂടി ഓണക്കാലത്തിനിടയിൽ ആയതുകൊണ്ടാണ് മൂന്ന് ദിവസം ബെവ്കോ തുറക്കാത്തത്. ഇതിൽ 31 -ാം തിയതി നാലാം ഓണത്തിനും ഒന്നാം തിയതിയും ബാറും തുറക്കില്ല. തിരുവോണത്തിന് ബാറുകൾ തുറന്ന് പ്രവർത്തിക്കുകയാണ്. നാളെ അവിട്ടം ദിനത്തിൽ ബാറും ബെവ്കോയും തുറന്നുപ്രവർത്തിക്കും. 31, 1 തിയതികൾ ഡ്രൈ ഡേ ആയതിനാൽ സംസ്ഥാനത്ത് തുള്ളി മദ്യം കിട്ടില്ലെന്നതിനാൽ നാളെ ബിവറേജിലും ബാറിലും നല്ല തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.