Uncategorized
ചില്ലറ വില്‍പ്പനരംഗത്തും ഡിജിറ്റല്‍ കറന്‍സി; അഞ്ചു ബാങ്കുകള്‍ പരീക്ഷണത്തിന്
![](https://citizenkerala.com/wp-content/uploads/2022/11/Untitled-design-21-1.jpg)
പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. ചില്ലറ വില്‍പ്പന രംഗത്ത് ഇത് ഇങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്ന് പരിശോധിക്കാന്‍ റിസര്‍വ് ബാങ്ക് പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. പദ്ധതിയുടെ ഭാഗമായി എസ്ബിഐ അടക്കമുള്ള അഞ്ചു ബാങ്കുകളെ തെരഞ്ഞെടുത്തു.
എസ്ബിഐയ്ക്ക് പുറമേ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയവയാണ് മറ്റു ബാങ്കുകള്‍. നിലവിലെ ഡിജിറ്റല്‍ ഇടപാടുകളുമായി പരസ്പരം സഹകരിച്ച് ഡിജിറ്റല്‍ കറന്‍സിക്ക് മുന്നോട്ടുപോകാന്‍ സാധിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് റിസര്‍വ് ബാങ്ക് പരിശോധിക്കുന്നത്. അല്ലാത്ത പക്ഷം ഡിജിറ്റല്‍ കറന്‍സിക്കായി പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരേണ്ടി വരുമോ എന്ന ആലോചനയും റിസര്‍വ് ബാങ്കിനുണ്ട്.
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പരീക്ഷണം നടത്തുന്നത്. ചില ഉപഭോക്താക്കളുടെയും കച്ചവടക്കാരുടെയും അക്കൗണ്ടുകള്‍ തെരഞ്ഞെടുത്ത് ചില്ലറ വില്‍പ്പന രംഗത്ത് ഡിജിറ്റല്‍ രൂപ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് പരീക്ഷിക്കുന്നത്.
വരുംദിവസങ്ങളില്‍ പരീക്ഷണത്തിനായി കൂടുതല്‍ ബാങ്കുകളെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ മൂല്യത്തിലുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഉണ്ടാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഡിജിറ്റല്‍ കറന്‍സി വഴി സാധ്യമാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ ആശയരേഖയില്‍ പറയുന്നത്. നിലവിലെ ക്യൂആര്‍ കോഡിനും യുപിഐ പ്ലാറ്റ്‌ഫോമിനും ഡിജിറ്റല്‍ കറന്‍സിയുമായി പരസ്പരം സഹകരിച്ച് പോകാന്‍ സാധിക്കുമോ എന്നകാര്യവും റിസര്‍വ് ബാങ്ക് പരിശോധിക്കുന്നുണ്ട്.