സാമ്പത്തികം
കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ
കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ. സി ക്ലാസ് പട്ടികയിലേക്കാണ് തരം താഴ്തിയത്. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ അനുവദിക്കാനാവില്ല. നല്‍കിയ വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചു പിടിക്കാനും നിർദേശം നല്‍കി. നബാർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തല്‍.
കേരളാ ബാങ്കിന്‍റെ റാങ്കിംഗ് മാനദണ്ഡങ്ങള്‍ വിലയിരുത്താല്‍ റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ കണ്‍ട്രോളിംഗ് അതോറിറ്റി നബാർഡാണ്. വായ്പ നിയന്ത്രണത്തില്‍ വിവിധ ശാഖകളിലേക്ക് കേരള ബാങ്ക് കത്തയച്ചു. റിസർവ്വ് ബാങ്കിന്‍റെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച് സി ക്ലാസ് പട്ടികയിലാണെന്നും പുതിയ സാഹചര്യത്തില്‍ വ്യക്തിഗത വായ്പകള്‍ 25 ലക്ഷത്തില്‍ കൂടുരുതെന്നും കാണിച്ചാണ് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചത്. ഇടപാടില്‍ 80 ശതമാനം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ്വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാണ്.
ഭരണ സമിതിയില്‍ രാഷ്ട്രിയ നോമിനികള്‍ക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകള്‍ ഇല്ലാത്തതും ഏഴ് ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും കേരളാ ബാങ്കിന് തിരിച്ചടിയായി. മാത്രമല്ല വിവിധ സര്‍ക്കാര്‍ ഏജൻസികള്‍ക്ക് അനുവദിച്ച വായ്പകള്‍ വഴി കിട്ടാക്കടവും കുമിഞ്ഞു കൂടി. രണ്ട് ലക്ഷത്തില്‍ അധികം വരുന്ന സ്വര്‍ണ പണയത്തിൻ മേല്‍ ഒറ്റയടിക്ക് തിരിച്ചടവ് പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് നേരത്തെ റിസര്‍വ്വ് ബാങ്ക് കേരളാ ബാങ്കിന് പിഴയിട്ടിരുന്നു.