കേരളം
‘അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെയും നിയമിച്ചിട്ടില്ല’, കത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍
രാജ്ഭവനിൽ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വിശദീകരണവുമായി രാജ്ഭവൻ. അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ല. രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശുപാർശ ചെയ്‍തത്. 23 വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ആളെ സ്ഥിരമാക്കാനാണ് ആവശ്യപ്പെട്ടതെന്നും വിശദീകരണം. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷനില്ല. പെന്‍ഷന്‍ അനുവദിക്കണമെന്ന ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു.
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. അഞ്ച് വര്‍ഷത്തിൽ താഴെ സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ആവശ്യം പരഗണിച്ച് ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരിന്നു. ഗവര്‍ണര്‍ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇഷ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്താൻ ശുപാർശകത്ത് നൽകിയ ഗവർണറുടെ നടപടിയിൽ രാഷ്ട്രപതി ഇടപെടണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഭരണഘടനാ വിരുദ്ധമായ നടപടിയില്‍ സമാഗ്രാന്വേഷണം നടത്തണമെന്നും ഗവർണർ ജനങ്ങളോട് മാപ്പ് പറയണമെന്നും ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഷിജു ഖാൻ ആവശ്യപ്പെട്ടു. 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഗവർണർ നൽകിയ ശുപാശ കത്ത് പുറത്തുവന്നതിന് പിന്നാലെ ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംസാസിരിക്കുകയായിരുന്നു ഷിജു ഖാൻ. മാർച്ച് രാജ്ഭവൻ പരിസരത്ത് പൊലീസ് തടഞ്ഞു.