കേരളം
ചൊവ്വയും ബുധനുമായി രണ്ടു ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാന്‍ സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയും അറബിക്കടലില്‍ ബുധനാഴ്ചയും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തെക്ക് – കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മാലദ്വീപ് -ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ചൊവ്വാഴ്ചയും കേരളത്തില്‍ പരക്കെ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂന മര്‍ദ്ദം ചൊവ്വാഴ്ചയോടെ രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂന മര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ബുധനാഴ്ചയോടെ മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളിലും തിങ്കളാഴ്ച ശക്തമായ മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ കേരള – കര്‍ണാടക തീരങ്ങളില്‍ നവംബര്‍ 30 നും ലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 29 നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചിലവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.