കേരളം
കനത്ത മഴയും മലവെള്ളപ്പാച്ചിലും; ഇടുക്കി-നേര്യമംഗലം പാതയില്‍ ഗതാഗത നിയന്ത്രണം
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി- എറണാകുളം ജില്ല അതിര്‍ത്തിയിലുള്ള നീണ്ടപാറയില്‍ മലവെള്ളപ്പാച്ചില്‍. രണ്ടു കലുങ്കുകള്‍ ഭാഗികമായി തകര്‍ന്നു. നേര്യമംഗലം- ഇടുക്കി പാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തി വിടുന്നത്. മൂന്നാറിലേക്കുള്ള കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലും പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി.
സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ,ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നത്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്നാണ് സൂചന. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും നിലനില്‍ക്കുന്ന ചക്രവാതചുഴികള്‍ ആണ് മഴ സജീവമാകാന്‍ കാരണം. ആന്‍ഡമാന്‍ കടലിലെ ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദമായി മാറിയേക്കും.