ദേശീയം
കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ഐസിഎംആര്‍
ആരോഗ്യനിലയെ ബാധിക്കുന്നതിനാൽ കോവിഡ് പോസിറ്റീവാകുന്ന ഗർഭിണികൾക്ക് അടിയന്തര വൈദ്യസഹായം നൽകണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്. കോവിഡ് ഗർഭിണികളെ ബാധിക്കുന്നതു സംബന്ധിച്ച് ഐസിഎംആർ നടത്തിയ ആദ്യ പഠനത്തിന് പിന്നാലെയാണ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം എന്ന ശുപാർശ ഐസിഎംആർ നൽകിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ 4,203 ഗർഭിണികളെയാണ് ഐസിഎംആർ പഠനവിധേയമാക്കിയത്. ഇതിൽ 3,213 പേരും ആരോഗ്യമുള്ള കുട്ടികളെ പ്രസവിച്ചു. മാസം തികയാതെയായിരുന്നു 16.3% പേരുടെ പ്രസവം. 10.1% പേർക്ക് രക്താതിസമ്മർദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായി. ഇതിൽ 3.8% പേർക്ക് അതിതീവ്ര പരിചരണം ആവശ്യമായി വന്നു.
911 കേസുകളിൽ ഗർഭം അലസി. 534 സ്ത്രീകൾക്ക് (13%) കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. ഇതിൽ 40 പേർക്കു രോഗം ഗുരുതരമായതായും ഐസിഎംആറിന്റെ പഠനത്തിൽ കണ്ടെത്തി.