ദേശീയം
അഗ്നിപഥ്: ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; സേനാമേധാവിമാരുടെ അടിയന്തരയോഗം
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സേനാമേധാവികളുടെ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് അടിയന്തരയോഗം വിളിച്ചത്. പ്രതിരോധമന്ത്രിയുടെ വസതിയിലാണ് യോഗം. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് കേന്ദ്ര യുവജനകാര്യമന്ത്രാലയം പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളിലുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതില്‍ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യമുന്നയിക്കുന്നു.
അക്രമങ്ങളില്‍ 200 കോടിയുടെ നാശനഷ്ടം ഉണ്ടായതായി ദാനാപൂര്‍ റെയില്‍വേ ഡിവിഷന്‍ അറിയിച്ചു. 50 കോച്ചുകളും അഞ്ച് എഞ്ചിനുകളും വീണ്ടും ഉപയോഗിക്കാനാകാത്ത വിധം പൂര്‍ണമായി കത്തിനശിച്ചു. പ്ലാറ്റ്‌ഫോമുകള്‍, കമ്പ്യൂട്ടറുകള്‍, റെയില്‍വേ സ്റ്റേഷനിലെ മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവയും വ്യാപകമായി നശിപ്പിക്കപ്പെട്ടു. അക്രമങ്ങലെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കേണ്ടി വന്നതായും ദാനാപൂര്‍ റെയില്‍വേ ഡിവിഷന്‍ ഡിആര്‍എം പ്രഭാത് കുമാര്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരെ ഇന്നും രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പദ്ധതിക്കെതിരെ ബിഹാറില്‍ ബന്ദ് ആചരിക്കുകയാണ്. ബിഹാറിലെ തരംഗ്ന റെയില്‍വേ സ്റ്റേഷന്‍ പ്രതിഷേധക്കാര്‍ തീവെച്ചു. റെയില്‍വേ സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്നിക്കിരയാക്കി. സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമസംഘത്തെയും പ്രതിഷേധക്കാര്‍ ആക്രമിച്ചു.