കേരളം
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം
കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് വിവിധ വകുപ്പുകള്‍ പരിശോധന നടത്തുമ്പോള്‍ പൊലീസ് സംരക്ഷണവും സഹായവും നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിലക്കയറ്റം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
വില കുതിച്ചുയരുന്നതിന് പുറമേ പച്ചക്കറി ക്ഷാമവും മാര്‍ക്കറ്റുകളില്‍ രൂക്ഷമാകുന്നു. തമിഴ്നാട്ടിലേയും കര്‍ണാകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ല. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്.
കഴിഞ്ഞ മാസം 15 ന് പാളയം മാര്‍ക്കറ്റില്‍ തക്കാളിയുടെ വില 31 രൂപയായിരുന്നു. ഇപ്പോള്‍ 120 കൊടുത്താലും തക്കാളി കിട്ടാനില്ല. പച്ചമുളകിന്‍റേയും ഇഞ്ചിയുടേയുമൊക്കെ കാര്യവും വ്യത്യസ്ഥമല്ല. കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും മാര്‍ക്കറ്റുകളില്‍ പോയ് വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണിപ്പോഴെന്ന് പച്ചക്കറി മൊത്ത വ്യാപാരികള്‍ പറയുന്നു. തക്കാളിയും ഇഞ്ചിയും തീരെ കിട്ടാനില്ല. മൈസൂര്‍, കോലാര്‍, തമിഴ്നാട്ടിലെ തോപ്പും പെട്ടി, കെന്നത്ത്കടവ് എന്നിവടങ്ങിളില്‍ നിന്നാണ് തക്കാളിയും മുളകുമൊക്കെ കോഴിക്കോടേക്ക് എത്തിയിരുന്നത്. കൃഷിനാശം മൂലം മൂന്നാഴ്ചയായി പച്ചക്കറിയുടെ വരവ് കുറഞ്ഞു. ഇതുമൂലം കുതിച്ചുയരുകയാണ് പച്ചക്കറിയുടെ വില.