കേരളം
വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം; അന്വേഷണം കര്‍ണാടകയിലേക്കും
കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടയ്ക്ക് പതിനഞ്ച് വര്‍ഷം വരെ പഴക്കമുണ്ടെന്ന് കണ്ടെത്തല്‍. വിദേശ കമ്പനിയടക്കം നാലിടങ്ങളില്‍ നിര്‍മിച്ച വെടിയുണ്ടകള്‍ വിതരണം ചെയ്തത് ആര്‍ക്കൊക്കെയെന്ന് കണ്ടെത്താന്‍ ശ്രമം തുടങ്ങി. കേരളത്തിന് പുറമെ കര്‍ണാകടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ബുധനാഴ്ചയാണ് നെല്ലിക്കോട്ടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 266 വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിയുണ്ടകളുടെ കവര്‍ ദ്രവിച്ചതിനാല്‍ ഇതിന്റ ബാച്ച് നമ്പരോ മറ്റ് വിവരങ്ങളോ ലഭ്യമായിരുന്നില്ല. ഇന്ത്യയിലും വിദേശത്തുമായുള്ള നാല് കമ്പനികളില്‍ നിര്‍മിച്ചവയാണിതെന്ന് പിന്നീട് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഒരു കമ്പനിയുടെ വെടിയുണ്ടക്ക് അഞ്ചു വര്‍ഷം മറ്റ് മൂന്ന് കമ്പനികളുടെ വെടിയുണ്ടകള്‍ക്ക് 15 വര്‍ഷവും പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. ഒരു കവറിലെ വെടിയുണ്ടകളില്‍ കണ്ട ചില അക്ഷരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരു കമ്പനിയുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇവര്‍ വിതരണം ചെയ്ത ഏജന്‍സിയുടെ വിവരങ്ങള്‍ ലഭിക്കാനായി അന്വേഷണസംഘം കമ്പനി അധികൃതരുമായി രേഖാമൂലം ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ റെഫിള്‍ ക്ലബുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളുടേയും അംഗീകൃത വില്‍പനശാലകളില്‍ നിന്ന് വിറ്റുപോയവയുടേയും കണക്കുകളും ശേഖരിക്കുന്നുണ്ട്. കര്‍ണാടകയിലെ കൂര്‍ഗ് മേഖലയില്‍ വെടിയുണ്ട വില്‍പന നടത്തിയിരുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ നിന്ന് എത്തിച്ചതാണോയെന്ന സംശയവും ഉയരുന്നുണ്ട്.