കേരളം
അലനും താഹയും ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി ജയില്‍വകുപ്പ്
പന്തീരാങ്കാവ് യുഎപിഎ കേസിൽ റിമാൻഡിൽ കഴിയുന്ന അലനും താഹയും ജയിൽനിയമങ്ങൾ അനുസരിക്കുന്നില്ലെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്നും ജയിൽവകുപ്പ്. ഇവരെ പ്രത്യേകം പാർപ്പിച്ച് നിരീക്ഷിക്കാൻ തീരുമാനിച്ചതായും ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
എറണാകുളം എൻഐഎ കോടതിയിൽ ഹാജരാക്കുന്നതിനായി വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നും എറണാകുളം ജില്ലാ ജയിലിലേക്ക് താൽക്കാലികമായി മാറ്റിയ അലൻ, താഹ എന്നിവർ ജയിലിൽ പ്രവേശിപ്പിക്കുന്ന സമയം മുതൽ നിയമാനുസൃതമായ ശരീരപരിശോധനയ്ക്ക് വഴങ്ങാതെ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിരുന്നു.
കൂടാതെ ജില്ലാ ജയിലിൽ കഴിയുന്ന സമയമത്രയും ജീവനക്കാരെ അസഭ്യം പറയുകയും നിയമാനുസരണമായ നിർദ്ദേശങ്ങൾ അനുസരിക്കാതെയിരിക്കുകയും ചെയ്യുന്നു. ഇടപെടാനോ അനുനയിപ്പിക്കാനോ ശ്രമിക്കുന്ന ജീവനക്കാരെ ജയിലിനു പുറത്തു വച്ച് കൈകാര്യം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പത്രക്കുറിപ്പിൽ പറയുന്നു.
സംഭവത്തിൽ എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് എൻഐഎ കോടതിക്ക് പരാതി നൽകിയിരുന്നു. ജീവനക്കാരുടെ റിപ്പോർട്ടിന്മേൽ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകാൻ സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റിയ തടവുകാരെ പ്രത്യേകം പാർപ്പിച്ച്നിരീക്ഷിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.