കേരളം
വന്ദേഭാരത് വീണ്ടും ട്രാക്കില്‍; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലേത് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന ഒമ്പതു വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ ആയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കേന്ദ്ര റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവ് സംബന്ധിച്ചു. രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
രാജ്യത്ത് ടൂറിസം വളർച്ചയ്ക്ക് വന്ദേഭാരത് വഴിയൊരുക്കുന്നു. യാത്രാ കണക്ടിവിറ്റിയുടെ കാര്യത്തിൽ മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു
കാസര്‍കോട്ടു നിന്നും ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് പുതിയ വന്ദേഭാരതിന്റെ ആദ്യയാത്ര. എട്ടു കോച്ചുകളാണ് ട്രെയിനുള്ളത്. ആദ്യ വന്ദേഭാരത് വെള്ള നിറത്തിലുള്ളതാണെങ്കില്‍, രണ്ടാം വന്ദേഭാരത് കാവി നിറത്തിലുള്ളതാണ്.
അകത്ത് സീറ്റുകളുടെ നിറത്തിലും വ്യത്യാസമുണ്ട്. നീല നിറമാണ് പുതിയ വന്ദേഭാരത് ട്രെയിനിന്റെ സീറ്റുകളുടേത്. തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തുക. രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ റിസര്‍വേഷന്‍ തുടങ്ങി. തിരുവനന്തപുരം -കാസര്‍കോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സര്‍വീസ്. നേരത്തെ നിശ്ചയിച്ചതിനു പുറമേ, തിരൂരിലും രണ്ടാം വന്ദേഭാരതിന് പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.