ദേശീയം
വാക്‌സിന്‍ വിരോധം കളയണം; ശാസ്ത്രത്തെ വിശ്വസിക്കണം മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
വാക്‌സിന്‍ എടുക്കാന്‍ മടിച്ചു നില്‍ക്കരുതെന്നും വാക്‌സിനെതിരായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പ്രഭാഷണ പരമ്ബരയായ മന്‍ കി ബാത്തിന്റെ 78ാമത് എഡിഷനില്‍ സംസാരിക്കുകയായിരുന്നു മോദി. 90ന് മുകളില്‍ പ്രായമുള്ള തന്റെ മാതാവ് പോലും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു.
ശാസ്ത്രത്തെ വിശ്വസിക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വസിക്കൂ. നിരവധി പേര്‍ വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. ഞാന്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തു. എന്റെ മാതാവ് രണ്ട് ഡോസ് വാക്‌സിനെടുത്തു. വാക്‌സിനുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്.
വാക്‌സിന്‍ എടുക്കുന്നതിലൂടെ മാത്രമേ ഒരാള്‍ക്ക് കോവിഡില്‍ നിന്ന് സുരക്ഷ നേടാനാകൂ. വാക്‌സിനെതിരെ പ്രചാരണം നടത്തുന്നവര്‍ അത് ചെയ്തുകൊണ്ടേയിരിക്കട്ടെ. നമ്മള്‍ നമ്മുടെ ചുമതല നിറവേറ്റണം. എല്ലാവരും വാക്‌സിനെടുത്തുവെന്ന് ഉറപ്പാക്കണം. കോവിഡ് ഭീഷണി ഇനിയും അവസാനിച്ചിട്ടില്ല. വാക്‌സിനേഷനിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിലും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മോദി പറഞ്ഞു.
കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ഉള്‍പ്പെടെ ഇന്ത്യയില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇന്ത്യന്‍ ജനസംഖ്യയുടെ 5.6 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിനും ലഭ്യമായിട്ടുള്ളത്. വാക്‌സിനേഷന്‍ പദ്ധതി വിപുലമാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.