കേരളം
അരിവില കുതിച്ചുയരുന്നു; കോഴിവിലയില്‍ വന്‍ വര്‍ധന
സംസ്ഥാനത്ത് ജനപ്രിയ അരി ഇനങ്ങളുടെ വില ഉയരുന്നു. മട്ട വടി അരിക്ക് മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് കൂടിയത്. ജയ അരിയുടെ വിലയും അനുദിനം വര്‍ധിക്കുകയാണ്. ഇന്ധനവില വർധനയും ഉത്പാദനത്തിലെ കുറവുമാണ് വില കൂടുന്നതിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. മൂന്ന് മാസത്തിനിടെ മട്ട വടിയരിക്ക് എട്ട് രൂപ കൂടിയത് നിത്യചെലവിന് ബുദ്ധിമുട്ടുന്നവരെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളി വിടുകയാണ്.
പ്രീമിയം ബ്രാൻഡ് മട്ട വടി അരിക്ക് തിരുവനന്തപുരം ചാല മാർക്കറ്റിലെ ഹോള്‍സെയില്‍ വില ഇപ്പോൾ 48 രൂപയാണ്. ചില്ലറ കടകളിലേക്ക് എത്തുമ്പോള്‍ 52 രൂപ വരെയാണ് ഈടാക്കുന്നത്. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ജയ അരിക്ക് ദിവസങ്ങളുടെ ഇടവേളയിൽ മൂന്ന് രൂപ മുതൽ നാല് രൂപ വരെ കൂടി. 38 രൂപയാണ് മൊത്തവില. അഞ്ച് രൂപയോളം കൂട്ടിയാണ് ചില്ലറ കടകളിലെ വിൽപന.
സുരേഖയ്ക്കും പച്ചരിക്കും വില കൂടുന്നുണ്ട്. പാമോയിൽ, സൺഫ്ലവർ ഓയിൽ വിലയും കൂടി. ഒരാഴ്ച കൊണ്ട് പാമോലിന് 30 രൂപ കൂടി, 160ലേക്ക് വില എത്തി. പിടിച്ചുക്കെട്ടിയ പച്ചക്കറി വിലയും പതിയെ ഉയരുകയാണ്. ഏത്തയ്ക്കയ്ക്ക് മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് രൂപ കൂടി. കർണടകത്തിലെയും തമിഴ്നാട്ടിലെയും മോശം കാലാവസ്ഥയും കൃഷിയിലുണ്ടായ കുറവും ഇനിയും വില കൂടാൻ കാരണമാകുമെന്നാണ് വിലയിരുത്തല്‍.
അവശ്യവസ്തുക്കളുടെ വില ഉയരുന്നതോടെ സാധാരണക്കാർ ബുദ്ധിമുട്ടിലായ സാഹചര്യമാണ്. സാധാരണ ഈസ്റ്റർ നോമ്പ് കാലത്ത് കോഴിവില കുറയുന്നതാണ് പതിവെങ്കിൽ ഇത്തവണ കോഴിയിറച്ചി വിലയും മുകളിലേക്ക് കുതിക്കുകയാണ്. 165 മുതൽ 175 രൂപ വരെയാണ് തിരുവനന്തപുരത്ത് ഇന്ന് കോഴിയുടെ വില. ഈസ്റ്ററാകുമ്പോഴേക്കും ഇത് 200 കടന്നേക്കും. വിഷുവും ഈസ്റ്ററും അടുക്കുന്നതോടെ ആവശ്യവസ്തുക്കളുടെ വില ഇനിയും കൂടും. കടുത്ത ചൂടിലെ കൃഷിനാശവും വരും ദിവസങ്ങളിൽ വിപണിയെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.