ദേശീയം
കാലാവധി ഇന്ന് പൂർത്തിയായി; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് പടിയിറങ്ങും
ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഇന്ന് പൂർത്തിയാകുന്നു. കെ ആർ നാരായണന് ശേഷം രാഷ്ട്രപതി ഭവനിലേക്ക് എത്തിയ ദളിത് വ്യക്തിയാണ് രാംനാഥ് കോവിന്ദ്. അഭിഭാഷകൻ, ദളിത് നേതാവ്, ഹിന്ദുത്വ ആശയങ്ങളുടെ വക്താവ്, ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ തടുങ്ങിയ വിശേഷണങ്ങളോടെ രാഷ്ട്രപതിയായി എത്തിയ അദ്ദേഹം പദവിയിലെത്തിയ ശേഷം മതനിരപേക്ഷ നിലപാടാണ് ഉയർത്തിപിടിച്ചത്.
അയോധ്യയടക്കമുള്ള വിഷയങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്ത കോവിന്ദ് രാജ്യത്ത് പിന്നാക്ക വിഭാഗങ്ങൾക്ക് നേരെ വർധിക്കുന്ന അതിക്രമങ്ങളിൽ ആശങ്ക വ്യക്തമാക്കിയിരുന്നു. നിർഭയ കേസിലെ പ്രതികൾ വധശിക്ഷയിൽ ഇളവ് തേടി സമർപ്പിച്ച ദയാഹർജികൾ ഒന്നിന് പിന്നാലെ ഒന്നായി എത്തിയപ്പോഴും നീതിപീഠത്തിൻറെ നിലപാടിനൊപ്പമാണ് രാംനാഥ് നിന്നത്.
ബില്ലുകളിൽ ഒപ്പുവയ്കാതെ മടക്കിയിരുന്ന മുൻഗാമികളിൽ നിന്ന് വ്യത്യസ്തനായിരുന്നു കോവിന്ദ്. ഏറെ പ്രതിഷേധമുയർന്ന കാർഷിക നിയമങ്ങൾ, ജമ്മുകാശ്മീർ പുനസംഘടന തുടങ്ങിയ സർക്കാർ തീരുമാനങ്ങൾക്കെല്ലാം ഒപ്പം നിന്നു അദ്ദേഹം. ഭൂരിപക്ഷ പിന്തുണയിൽ സർക്കാർ പാസാക്കിയെടുത്ത ബില്ലുകളിലെല്ലാം അദ്ദേഹം ഒപ്പുവച്ചു.
1998 മുതൽ 2002 വരെ രണ്ട് തവണ ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോവിന്ദ് 1994 മുതൽ 2006 വരെ പന്ത്രണ്ട് വർഷം സഭയിൽ അംഗമായി തുടർന്നു. 1998 മുതൽ 2002 വരെ ബിജെപിയുടെ ഷെഡ്യൂൾഡ് കാസ്റ്റ് മോർച്ചയുടെ തലവനായിരുന്നു. 2017 ജൂലൈ 25ന് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് രാഷ്ട്രപതിയായി അധികാരമേറ്റു.