ദേശീയം
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്; ഫലപ്രഖ്യാപനം 21ന്
പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്. ഫലപ്രഖ്യാപനം ജൂലൈ 21ന്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈമാസം 15ന്. പത്രിക സമര്‍പ്പണം ജൂണ്‍ 29 വരെ. സൂക്ഷ്മപരിശോധന മുപ്പതിന്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിപ്പ് പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്.
രാജ്യസഭാ സെക്രട്ടറി ജനറലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരണാധികാരി. 4033 എംഎല്‍എമാരുള്‍പ്പെടെ ആകെ 4809 വോട്ടര്‍മാര്‍. ആകെ വോട്ട് മൂല്യം 10,86,43. തെരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന പേന ഉപയോഗിച്ചില്ലെങ്കില്‍ വോട്ട് അസാധുവാകും.
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അടുത്ത മാസം 24ന് അവസാനിക്കും. ഭരണഘടനയുടെ 62-ാം അനുച്ഛേദപ്രകാരം നിലവിലെ രാഷ്ട്രപതിയുടെ കാലാവധി അവസാനിക്കും മുമ്പ് പുതിയ തെരഞ്ഞെടുപ്പു നടത്തണം.
കഴിഞ്ഞ തവണ 2017 ജൂലൈ പതിനേഴിനായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജുലൈ ഇരുപതിന് വിജയിയെ പ്രഖ്യാപിച്ചു. ലോ്ക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നിവയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന ഇലക്ടറല്‍ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യ രീതിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് നിയമസഭാംഗങ്ങളുടെ വോട്ടിനു മൂല്യം.