ദേശീയം
വീണ്ടും ആശങ്ക…; ഡൽഹിയിൽ കൊവിഡാനന്തര രോഗങ്ങൾ കൂടുന്നു
കൊവിഡ് രണ്ടാം തരംഗം വീശയടിച്ച രാജ്യതലസ്ഥാനത്തിന് പുതിയ തലവേദനയായി കൊവിഡാനന്തര രോഗങ്ങൾ. കൊവിഡാനന്തര ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി എത്തുന്നവരുടെ എണ്ണം ഭയാനകമായി വർധിക്കുന്നതായി ഡോക്ടർമാർ പറയുന്നു. ഒരു ദിവസം ഒപിയിൽ ഡോക്ടർമാർ ഇത്തരത്തിലെ 25-30 രോഗികളെ വരെ കൈകാര്യം ചെയ്യേണ്ടിവരുന്നു. ആദ്യ തരംഗത്തിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഗുരുതരമാണ് രോഗലക്ഷണങ്ങളാണ് ഇപ്പോൾ കണ്ടുവരുന്നതെന്നും ഡോക്ടർമാർ പറയുന്നു.
കൊവിഡ് ഭേദമായി ആഴ്ചകൾക്ക് ശേഷവും രോഗികൾക്ക് ഓക്സിജൻ പിന്തുണ ആവശ്യമായി വരുന്നു.കഴിഞ്ഞ വർഷം, കൊവിഡാനന്തരം ഏറ്റവും സാധാരണമായ ബുദ്ധിമുട്ട് ക്ഷീണം ആയിരുന്നു. ഡൽഹി മാക്സ് ആശുപത്രിയിലെ ഒപി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 70-80 ശതമാനം രോഗികളും കൊവിഡാനന്തര ബുദ്ധിമുട്ടുകളുമായി എത്തിയവരാണെന്ന് റെസ്പിറേറ്ററി മെഡിസിൻ വിഭാഗം മേധാവി ഡോ. വിവേക് നംഗിയ പറയുന്നു.
65 വയസ്സിനു മുകളിലുള്ളവരോ പുകവലിക്കാരോ ആയ രോഗികളിൽ ശ്വാസകോശ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മധ്യവയസ്കരും ചെറുപ്പക്കാരായ രോഗികളും കുട്ടികളുമാണ് വലിയ തോതിൽ ചികിത്സ തേടിയെത്തുന്നത്. കൊവിഡ് ഭേദമായ രോഗികളെ ഓക്സിജൻ പിന്തുണയോടെ വീട്ടിലേക്ക് മടക്കിയയക്കേണ്ട അവസ്ഥയിലാണെന്ന് വിവേക് നംഗിയ പറഞ്ഞു.
കൊവിഡ് ഭേദമായി മാസങ്ങൾക്ക് ശേഷവും ആളുകളിൽ ഉയർന്ന പനി റിപ്പോർട്ട് ചെയ്യുന്നതായും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ഭേദമായി മൂന്ന്-നാല് ആഴ്ചകൾക്കു ശേഷവും ആളുകളിൽ വലിയ പനി റിപ്പോർട്ട് ചെയ്യുന്നതായി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. സുരഞ്ജിത് ചാറ്റർജി പറഞ്ഞു. ആദ്യ തരംഗത്തിലും പനി ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അത് വളരെ കൂടുതലാണ്- ഡോ. സുരഞ്ജിത് ചാറ്റർജി പറയുന്നു.