കേരളം
സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലെ നിയമനത്തിന് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി
പൊതുമേഖലാ സ്ഥാപനങ്ങൾ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, വികസന അതോറിറ്റികൾ, സഹകരണ സ്ഥാപനങ്ങൾ, ദേവസ്വംബോർഡുകൾ എന്നിവിടങ്ങളിലെ നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
ജീവനക്കാരൻ ജോലിയിൽ പ്രവേശിച്ച് ഒരുമാസത്തിനകം പോലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഇതനുസരിച്ച് ബോർഡുകളും കോർപ്പറേഷനുകളും അടക്കമുള്ള സ്ഥാപനങ്ങൾ ബന്ധപ്പെട്ട ചട്ടങ്ങളിൽ മൂന്നുമാസത്തിനകം ഭേദഗതി ചെയ്യണമെന്നാണ് നിർദേശം.
നിലവിൽ എയ്ഡഡ് ഒഴികെയുള്ള സർക്കാർ സർവീസിൽ ജോലി നേടുന്നതിന് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാണ്. മൂന്ന് മാസത്തിനകം നടപടി പൂർത്തീകരിക്കണമെന്നാണ് ചട്ടം.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സാമൂഹിക സാമ്പത്തിക സർവ്വേ കുടുംബശ്രീ മുഖേന നടത്തുന്നതിനും മന്ത്രിസഭാ യോഗം അനുമതി നൽകി. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ വാർഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്തുന്നതിന് 75,67,090 രൂപ വിനിയോഗിക്കുന്നതിനും അനുമതി നൽകി.