കേരളം
തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്ന് ആകെ പോയത് 139 പവൻ
തിരുവനന്തപുരം ആർഡിഒ കോടതിയിലെ മോഷണത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന. തൊണ്ടിമുതലായി സൂക്ഷിച്ചവയിൽ നിന്ന് 139 പവൻ ആകെ മോഷണം പോയതായി ഇന്നലെ വൈകിട്ട് വരെ നടത്തിയ പരിശോധനയിൽ നിന്ന് മാത്രം കണ്ടെത്തി. മിനിഞ്ഞാന്ന് നടത്തിയ പരിശോധനയിൽ 72 പവൻ മോഷണം പോയതായി സബ് കളക്ടർ എം എസ് മാധവിക്കുട്ടി കണ്ടെത്തിയിരുന്നു. ഇതിന് പുറമേയാണ് 67 പവൻ കൂടി മോഷ്ടിച്ചതായി കണ്ടെത്തിയത്. ഈ 67 പവനിൽ 30 പവൻ മുക്കുപണ്ടമാണ്.
വിചാരിച്ചതിലുമപ്പുറത്താണ് തിരുവനന്തപുരം ആർഡിഒ കോടതിയിലെ മോഷണം. കോടതിയിലെ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പൊലീസ് പ്രത്യേക സംഘം വ്യക്തമാക്കുന്നത്. കേസ് അന്വേഷിക്കാനായി പ്രത്യേക വിജിലൻസ് സംഘം രൂപീകരിക്കണമെന്നും അവർക്ക് കേസ് അടിയന്തരമായി കൈമാറണമെന്നും പേരൂർക്കട എസ്എച്ച്ഒ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇത് സാധാരണ ഒരു പൊലീസ് സ്റ്റേഷനിൽ നിൽക്കുന്നതല്ല എന്നും, കേസിന്‍റെ അന്വേഷണപരിധി വലുതാണെന്നുമാണ് പേരൂർക്കട പൊലീസ് കത്തിൽ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന 72 പവൻ സ്വർണവും വെള്ളിയും പണവും മോഷണം പോയതായി സബ് കളക്ടറുടെയും പൊലീസിന്‍റെയും ആദ്യഘട്ട അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2010 മുതൽ 2019 വരെ കോടതിയിലേക്കെത്തിയ സ്വർണമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നി. അപ്രൈസലിനെ കൊണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചതായി വ്യക്തമായത്.
2018- 2020 വരെ ലോക്കറിലെത്തിയ സ്വർണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. ഇതോടെ തൊണ്ടി മോഷണത്തിൽ വൻ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാകുന്നു. തൊണ്ടിമുതലിന്‍റെ കസ്റ്റോഡിയൻ സീനിയർ സൂപ്രണ്ടുമാരാണ്. സീനിയർ സൂപ്രണ്ടുമാരോ അല്ലെങ്കിൽ ലോക്കറിന്‍റെ താക്കോൽ സൂക്ഷിക്കുന്ന, സ്ഥലമറിയുന്ന, മറ്റോരാ ആണ് സ്വർണമെടുത്തിരിക്കുന്നത്. ചില ഉദ്യോഗസ്ഥരിലേക്ക് പൊലീസ് അന്വേഷണം എത്തിയിട്ടുണ്ട്. പല തവണയായി സ്വർണമെടുത്തുവെന്നാണ് നിഗമനം. കൂടുതൽ തെളിവുകള്‍ ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങും.
2017 മുതൽ 2021 ഫെബ്രുവരിയുള്ള തൊണ്ടി മുതൽ ഓഡിറ്റ് നടത്തിയ എ.ജി. എല്ലാം സുരക്ഷിതമെന്ന റിപ്പോർട്ടാണ് നൽകിയത്. അതിനാൽ എജി ഓഡിറ്റിന് ശേഷം മോഷണം നടക്കാനാണ് സാധ്യതയെന്നാണ് പൊലീസ് കരുന്നത്. അല്ലെങ്കിൽ പാക്കറ്റുകള്‍ തുറന്ന് പരിശോധിക്കാതെ എജി ഓഫീസിൽ നിന്നെത്തിയ ഓഡിറ്റ് സഘം റിപ്പോർട്ട് തയ്യാറാക്കിയതാകാനാണ് സാധ്യത. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഓഡിറ്റ് സംഘത്തിന്‍റെ മൊഴിയെടുക്കണമെന്ന് കാട്ടി പൊലീസ് എജിക്ക് കത്തു നൽകും.