കേരളം
മരണത്തിൽ ദൂരുഹത; ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും; റീ പോസ്റ്റ്‌മോര്‍ട്ടം
ചാലക്കുടി സ്വദേശിനി ഡെന്‍സി ആന്റണിയുടെ മരണത്തിന്റെ ദുരൂഹത നീക്കാന്‍ പൊലീസ്. ദുബായില്‍ രണ്ടര വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ച ഡെന്‍സിയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇന്ന് കല്ലറയില്‍ നിന്നും പുറത്തെടുക്കും. ചാലക്കുടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിലാണ് ഡെന്‍സിയെ സംസ്‌കരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുക.
ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുക്കുക. ഒറ്റമൂലി വൈദ്യന്‍ സാബാ ഷരീഫിനെ കൊലപ്പെടുത്തിയ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2020 മാര്‍ച്ച് 5 നാണ് ഡെന്‍സിയേയും ഹാരിസിനേയും അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണെന്നാണ് ആദ്യം വീട്ടുകാരെ അറിയിച്ചിരുന്നത്. കഴിഞ്ഞദിവസമാണ് ഇത് കൊലപാതകമാണെന്ന് അറിയുന്നത്.
മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ സാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി ഷൈബിന്‍ അഷ്‌റഫാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് പൊലീസ് കണ്ടെത്തി. ഷൈബിന്‍ അഷ്‌റഫിനു വേണ്ടി ദുബായിലും കൊലപാതകം നടത്തിയിട്ടുണ്ടെന്നാണ് കൂട്ടുപ്രതികള്‍ തിരുവനന്തപുരത്ത് വെളിപ്പെടുത്തിയത്. 38 കാരിയായ ഡെന്‍സിയെ ശ്വാസം മുട്ടിച്ചു കൊന്നുവെന്നായിരുന്നു പ്രതികള്‍ പറഞ്ഞത്.
ഡെന്‍സിയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ മാനേജരും കോഴിക്കോട് സ്വദേശിയുമായ ഹാരിസിനെയും ഷൈബിന്‍ അഷ്‌റഫിന്റെ നിര്‍ദ്ദേശ പ്രകാരം വകവരുത്തിയെന്നാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ് പങ്കാളിയായിരുന്നു കോഴിക്കോട് സ്വദേശിയായ ഹാരിസ്. ഇയാളുടെ സ്ഥാപനത്തിലായിരുന്നു ഡെന്‍സി ജോലി ചെയ്യാനെത്തിയത്.
2019 ഡിസംബറിലാണ് ഡെന്‍സി വിസിറ്റിംഗ് വിസയില്‍ ദുബായില്‍ പോയത്. 2020 മാര്‍ച്ച് 5നായിരുന്നു മരണം. പ്രതികളുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഹാരിസിന്റെ മൃതദേഹം നേരത്തെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍ഡിഒയുടെ ഉത്തരവ് കരസ്ഥമാക്കി നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കല്ലറ തുറന്ന് പരിശോധന നടത്തുന്നത്. പ്രതികള്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.