കേരളം
പോലീസ് കോൺസ്റ്റബിൾ തസ്തിക; കായിക ക്ഷമതാ പരീക്ഷ മാറ്റിവെച്ചു
പോലീസ് കോൺസ്റ്റബിൾ തസ്തികയുടെ കായിക ക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റി വെച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ 18,19,20,21 തീയ്യതികളിലായി നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് പരീക്ഷ മാറ്റി വെച്ചത്.
അതേ സമയം ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി, അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്ന് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം.
തുടര്‍ന്നു പടിഞ്ഞാറു വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുന മര്‍ദ്ദമാകും. ഈയാഴ്ച അവസാനത്തോടെ ഇത് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.
ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഒന്‍പത് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.