കേരളം
നാദാപുരം കൊലപാതകം; കൂടുതൽ വീഡിയോ ദൃശ്യങ്ങൾ തേടി പൊലീസ്
നാദാപുരം നരിക്കാട്ടേരിയില്‍ 15 വയസുകാരൻ അസീസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്. ഇപ്പോള്‍ പുറത്ത് വന്ന അസീസിനെ ശ്വാസം മുട്ടിക്കുന്ന രണ്ട് വീഡിയോയ്ക്ക് പുറമേ മറ്റ് രണ്ടെണ്ണം കൂടിയുണ്ടെന്നാണ് മൊഴി.
ഇവ വീണ്ടെടുത്താല്‍ കേസിന്റെ ചുരുളഴിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കറ്റാരത്ത് അഷ്റഫിന്റെ മകന് അസീസിനെ സഹോദരനായ സഫ്വാന് കഴുത്തില്‍ ചുറ്റിപ്പിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും ശ്വാസം ലഭിക്കാതെ അസീസ് പിടഞ്ഞ് ബോധരഹിതനാവുന്നതുമാണ് പുറത്ത് വന്ന വീഡിയോകളിലുള്ളത്.
48 സെക്കന്റും ഒന്നര മിനിറ്റുമുള്ള രണ്ട് ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതിന് പുറമെ മറ്റ് രണ്ട് ദൃശ്യങ്ങള്‍ കൂടിയുണ്ടെന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയ ഇവരുടെ സഹോദരി മൊഴി നല്‍കിയിട്ടുണ്ട്. ഡിലീറ്റ് ചെയ്ത ഈ വീഡിയോകള്‍ വീണ്ടെടുക്കാനും കൂടുതല്‍ പരിശോധനകൾക്കുമായി മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായാല്‍ കേസ് എളുപ്പത്തില്‍ ചുരുളഴിക്കാനാകുമെന്നാണ് പ്രതീക്ഷ.
2020 മേയ് 17നാണ് അബ്ദുൾ അസീസ് മരിച്ചത്.ആദ്യം കേസന്വേഷിച്ച ലോക്കൽ പൊലിസ് ആത്മഹത്യയെന്ന നിഗമനത്തിൽ കേസന്വേഷണം അവസാനിപ്പിച്ചു. കൊലപാതകമെന്ന സംശയത്തിൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും കേസേറ്റെടുത്തും. അവരും ആത്മഹത്യയെന്ന നിഗമനത്തിലെത്തി.അസീസിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കേസിൽ വഴി തിരിവ് ഉണ്ടാകുന്നത്.