കേരളം
യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടക്ടറും ഡ്രൈവറും കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് ടിക്കറ്റ് തുകയിൽ ഒരു രൂപ കുറഞ്ഞതിന് സ്വകാര്യ ബസിൽ യുവാവിനെ മർദ്ദിച്ച ഡ്രൈവറും കണ്ടക്ടറും പിടിയിൽ. സുനിൽ, അനീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പേരൂർക്കടയിൽ നിന്നും കിഴക്കേകോട്ടയിലേക്ക് സർവീസ് നടത്തിയ ബസിൽ വച്ചാണ് യുവാവിന് ബസ് കണ്ടക്ടറുടെയും ഡ്രൈവറുടെയും മർദ്ദനമേറ്റത്.
യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളിൽ നിന്നാണ് കല്ലമ്പലം സ്വദേശിയായ ഷിറാസിനാണ് മർദ്ദനമേറ്റതെന്നും ബസിലെ ജീവനക്കാരായ സുനിലും അനീഷും ചേർന്നാണ് മർദ്ദിച്ചതെന്നും വ്യക്തമായത്. എന്നാൽ ഷിറാസാണ് മർദ്ദിച്ചതെന്ന് കാട്ടി ഡ്രൈവറും കണ്ടക്ടറും പൊലീസിന് പരാതിയും നൽകിയിരുന്നു.
ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് ബസിലെ ജീവനക്കാരായ സുനിലിനും അനീഷിനുമെതിരെ പൊലീസ് കേസെടുത്തത്. ഷിറാസിന്‍റെ മൊഴിയും രേഖപ്പെടുത്തി. ഇലക്ട്രീഷ്യൻ ജോലിക്കാരനായ ഷിറാസ് ജോലിചെയ്ത പണം വാങ്ങുന്നതിനായിരുന്നു നഗരത്തിലേക്ക് എത്തിയത്. പേരൂർക്കടയിൽ നിന്നും പാളയത്തേക്ക് 13 രൂപ ടിക്കറ്റ് പോയിന്‍റാണെങ്കിലും, 12 രൂപയേ ഷിറാസിന്‍റെ കയ്യിലുണ്ടായിരുന്നുള്ളു. ഒരു രൂപ വേണമെന്ന് നിർബന്ധനം പിടിച്ച ബസ് ജിവനക്കാർ ബസ് നിർത്തിയിട്ടാണ് ഷിറാസിനെ മർദ്ദിച്ചത്. അസഭ്യം വിളിച്ചതിനും മർദ്ദിച്ചതിനുമാണ് സുനിലിനും അനീഷിനുമെതിരെ കേസെടുത്തിട്ടുള്ളത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇരുവരുടെയും ഡ്രൈവർ കണ്ടക്ടർ ലൈസൻസുകൾ റദ്ദാക്കും.