കേരളം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട്; വൻ സ്വീകരണമൊരുക്കി അണികൾ
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൊവ്വാഴ്ച (മാർച്ച് 19) പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ റോഡ് ഷോയും പ്രചാരണ പരിപാടിയുമാണിത്. രാവിലെ മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗം കോട്ടമൈതാനത്ത് എത്തും.
തുടർന്ന് രാവിലെ 9.30ഓടെ അഞ്ചുവിളക്കു പരിസരത്തു നിന്ന് സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസ് പരിസരം വരെയുള്ള റോഡ് ഷോ ആരംഭിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. പാലക്കാട് ഇന്നലെ സംഘടിപ്പിച്ച വാർത്താസമ്മേളത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഴ്സി കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും സാമൂഹിക, സംഘടനാ മേഖലയിലെ പ്രമുഖരും മത നേതാക്കൾ ഉൾപ്പെടെയുള്ളവരും ചേർന്നു സ്വീകരിക്കും.
അര ലക്ഷത്തിലധികം പേർ പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനെത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. പാലക്കാട്, മലപ്പുറം പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും റോഡ് ഷോയുടെ ഭാഗമാകും. പ്രധാനമന്ത്രിയുടെ പ്രചാരണത്തോടെ സംസ്ഥാനത്ത് ബിജെപിക്ക് വലിയ തോതിൽ തിരഞ്ഞെടുപ്പു മുന്നേറ്റം ഉണ്ടാകുമെന്നും പാർട്ടിയുടെ വിജയ പ്രതീക്ഷയുള്ള സീറ്റുകളിലൊന്നാണ് പാലക്കാടെന്നും ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറാണ് പാലക്കാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി. ഹെഡ്പോസ്റ്റ് ഓഫീസ് പരിസരത്ത് റോഡ് ഷോ അവസാനിച്ച ശേഷം പ്രധാനമന്ത്രി അവിടെ നിന്ന് വാഹനത്തിൽ മോയൻ സ്കൂൾ ജംഗ്ഷൻ, ടൗൺ റെയിൽവേ മേൽപാലം, ശകുന്തള ജംഗ്ഷൻ, ബിഇഎം സ്കൂൾ ജംഗ്ഷൻ, കെഎസ്ആർടിസി വഴി മേഴ്സി കോളേജ് ഗ്രൗണ്ടിലെത്തി തിരിച്ചു പോകും.
പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ ഭാഗമായി സുരക്ഷാ നടപടികളും പൂർത്തിയായി. നഗരത്തിലും പരിസരത്തും സുരക്ഷാ പരിശോധന നടത്തി. മേഴ്സി കോളജ് മുതൽ കോട്ടമൈതാനം വരെയുള്ള റോഡിന്റെ വശത്ത് ബാരിക്കേഡുകൾ നിരത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇന്നു ട്രയൽ റൺ നടത്തി. രാവിലെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷ നടക്കുന്നതിനാൽ പാലക്കാട് നഗരത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾ 8 മണിക്കു മുൻപു തന്നെ വിദ്യാലയങ്ങളിൽ എത്തണമെന്നാണു പൊലീസ് നിർദേശം. ഇക്കാര്യം സ്കൂൾ മുഖേന അറിയിച്ചിട്ടുണ്ട്. പരമാവധി നേരത്തെ എത്താനാണു നിർദേശം. പരീക്ഷാ സമയത്തിനു മാറ്റമില്ല. ഇതര പരീക്ഷകൾ യഥാസമയം നടക്കും. പാലക്കാട് നഗരത്തിൽ രാവിലെ 7 മുതൽ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡ് ഷോയ്ക്കായി പ്രധാനമന്ത്രി എത്തുമ്പോൾ സുരക്ഷയ്ക്കായി അയ്യായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിട്ടുള്ളത്. ഇതിൽ 3500 പേർ ഇതര ജില്ലകളിൽ നിന്നുള്ളവരാണ്.