കേരളം
പാഠ്യപദ്ധതി പരിഷ്‌കരിക്കും; പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 16 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് 16 മുതല്‍ നല്‍കാന്‍ കഴിയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുന്‍പ് ഒരു മോഡല്‍ പരീക്ഷ നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ആധുനിക ശാസ്ത്ര – സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും. 2022 ജനുവരി മാസത്തിന് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സാങ്കേതിക വിദ്യ,പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കല്‍, മാലിന്യനിര്‍മാര്‍ജനം, കുടിവെള്ള സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉളവാകാന്‍ ആവശ്യമായ അംശങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നടപടി ഉണ്ടാകും. 2013 ലാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്.
പ്രീ സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ സ്‌കൂള്‍ സംവിധാനങ്ങള്‍ ഏകീകരിക്കാനുള്ള പ്രവര്‍ത്തനം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ നടത്തുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മികവാര്‍ന്ന നിലയില്‍ നടപ്പാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. സ്‌കൂളുകളുടെ ഭൗതിക സൗകര്യ വികസനരംഗത്ത് പ്രത്യേകം ശ്രദ്ധ ചെലുത്തും. കെട്ടിടങ്ങളെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും ഊന്നല്‍. ഫര്‍ണിച്ചറുകള്‍ നവീകരിക്കുന്നതിന് സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കും. സ്‌കൂളുകളില്‍ സൗരോര്‍ജം പ്രയോജനപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കും.
അധ്യാപകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി പ്രൊഫഷനലിസം വര്‍ദ്ധിപ്പിക്കും. പ്രീ പ്രൈമറി രംഗത്ത് ക്ളസ്റ്റര്‍ അധിഷ്ഠിത ഇടപെടല്‍ നടത്തും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമായി ആവിഷ്‌കരിച്ച് നടപ്പാക്കും. ഗണിതപഠനം ‘മഞ്ചാടി’ ശാസ്ത്രപഠനം ‘മഴവില്ല്’ പദ്ധതികള്‍ വിജയിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് പ്രയോഗ കേന്ദ്രങ്ങളായി ഒരു ജില്ലയിലെ ഒരു സ്‌കൂളിനെ മാറ്റിയെടുക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കും. പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും സാമൂഹ്യനീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസം പ്രധാനം ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.