കേരളം
കുട്ടിയെ അടുത്തറിയാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണം: മുഖ്യമന്ത്രി
കൊവിഡാനന്തര കാലം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പുതിയ കുട്ടികള്‍ക്കും നേരത്തെയുള്ള കുട്ടികള്‍ക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വിദ്യാകിരണം സംസ്ഥാന മിഷന്റെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡാനന്തര വിദ്യാഭ്യാസം എങ്ങനെയാകണമെന്നതിനെക്കുറിച്ച് നല്ല ധാരണ വേണം. കുട്ടികള്‍ നേരിടുന്ന സാമൂഹിക-മാനസിക-അക്കാദമിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാവണം. കുട്ടികള്‍ക്കിടയിലും, അദ്ധ്യാപകരും കുട്ടികളും തമ്മിലുമുള്ള അപരിചിതത്വവും പരിഹരിക്കണം.
കുട്ടിയെ അടുത്തറിയാന്‍ സഹായകരമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ദീര്‍ഘകാലം വീട്ടില്‍ കഴിഞ്ഞ് വരുന്ന കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് വികസിപ്പിക്കണം. ഓണ്‍ലൈന്‍ പഠനത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണം. ഡിജിറ്റല്‍ ഡിവൈഡ് പാടില്ല. അദ്ധ്യാപകരുടെ പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കാന്‍ പരിശീലനം നല്‍കണം. ഓരോ ജില്ലയിലും റിസോഴ്‌സ് ടീം വേണം. ദേശീയതലത്തില്‍ തന്നെ പ്രാവീണ്യമുള്ള വിദഗ്ധരെ പരിശീലനത്തിന്റെ ഭാഗമായി അണിനിരത്തണം. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തുടരണം.
പാര്‍ശ്വതവത്ക്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ആവശ്യമായ പഠന പിന്തുണ നല്‍കണം. ക്ലാസ്സ് മുറികളെ ഡിജിറ്റല്‍ സൗഹൃദമാക്കാന്‍ വിപുലീകൃതമായ പദ്ധതികള്‍ വേണം. 10-15 കുട്ടികള്‍ക്ക് മെന്റര്‍ എന്ന നിലയില്‍ ഒരോ അദ്ധ്യാപകരെ വീതം നിശ്ചയിക്കണം. കുട്ടിയെ അടുത്തറിയാനും കുട്ടിയുടെ മുഖത്ത് മാറ്റം വന്നാല്‍ മനസ്സിലാക്കാനും അദ്ധ്യാപകര്‍ക്ക് ഇതിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനകീയ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കുന്ന പദ്ധതിയായതിനാല്‍ ജനപങ്കാളിത്തം ഉറപ്പിക്കാന്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവണം. സാമൂഹിക നീതിയും അവസര തുല്യതയും അടിസ്ഥാനമാക്കി ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കും. സാങ്കേതികവിദ്യാ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തും. കുട്ടികളിലെ വായനാശീലം മെച്ചപ്പെടുത്താന്‍ ലൈബ്രറി സംവിധാനം ശക്തിപ്പെടുത്തണം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വഴി നേടിയെടുത്ത നേട്ടങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയും ഉറപ്പാക്കും. ഭൗതിക സൗകര്യവികസന കാര്യങ്ങളില്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയ-അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കും. തൊഴിലാഭിമുഖ്യം സ്‌കൂള്‍ ഘട്ടത്തില്‍ തന്നെ വികസിപ്പിക്കാന്‍ ആവശ്യമായ അനുഭവങ്ങള്‍ ഒരുക്കും. സാംസ്‌കാരിക വിനിമയ പദ്ധതി നടപ്പാക്കും. എല്ലാ മിഷനുകളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികള്‍ വിദ്യാകിരണം പദ്ധതികളുമായി സംയോജിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.