ദേശീയം
തമിഴ്നാട് വിഭജനം: പ്രതിഷേധം ശക്തമാകുന്നു; കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ആവശ്യം

തമിഴ്നാടിനെ വിഭജിച്ച് കൊങ്കുമേഖലയെ കേന്ദ്രഭരണപ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. തമിഴ്നാട് വിഭജിച്ച് ഭരിക്കാനുള്ള നീക്കം അനവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വ്യപക പ്രതിഷേധമാണ് ഉയരുന്നത്. ഈറോഡില്‍ തമിഴ് സംഘടനകള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ കത്തിച്ച് പ്രതിഷേധിച്ചു.
കോയമ്പത്തൂരില്‍ ഡിഎംഡികെ പ്രതിഷേധ ധര്‍ണ്ണ നടത്തി. കരൂരില്‍ തന്തെയ്പെരിയാര്‍ ദ്രാവിഡ സംഘടന പ്രതിഷേധ മാര്‍ച്ച് നടത്തി. കേന്ദ്രം വിശദീകരണം നല്‍കണമെന്ന് തമിഴ് സംഘടനകള്‍ ആവശ്യപ്പെട്ടു. അണ്ണാഡിഎംകെയ്ക്ക് ശക്തമായ വേരോട്ടമുള്ള മേഖലയാണ് കൊങ്കുജില്ലകള്‍. പ്രതിഷേധങ്ങള്‍ക്കിടെ അണ്ണാഡിഎംകെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ തോപ്പ് വെങ്കടാചലം ഡിഎംകെയില്‍ ചേര്‍ന്നു. വെങ്കടാചലത്തിന്‍റെ നൂറ് കണക്കിന് അനുയായികളും പാര്‍ട്ടി വിട്ടു.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. ഇതിന്‍റെ ചുമതല കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍ മുരുകന് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും പുതിയ അധ്യക്ഷന്‍ അണ്ണാമലൈയെ കൊങ്കുനേതാവെന്നുമാണ് ബിജെപി വിശേഷിപ്പിച്ചിരുന്നത്.
കൊങ്കുനാടിന് കീഴില്‍ നിലവില്‍ പത്തു ലോക്‌സഭാ മണ്ഡലങ്ങളും, 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍ കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാന്‍ ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കമെന്നും തമിഴ് ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.