ക്രൈം
എടിഎമ്മിൽ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ
എടിഎം കൗണ്ടറുകളിൽ പണമെടുക്കാൻ വരുന്നവരെ സഹായിക്കാനെന്ന വ്യാജേന കാർഡ് കൈക്കലാക്കി തട്ടിപ്പ് നടത്തുന്നയാൾ അറസ്റ്റിൽ. തമിഴ്നാട് ബോഡി കറുപ്പ് സ്വാമി കോവിൽ സ്ട്രീറ്റ് സ്വദേശി തമ്പിരാജ് (46) എന്നയാളെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് നായർ എന്നയാളുടെ എടിഎം കാർഡ് തന്ത്രപരമായി തട്ടിയെടുത്ത് പണതട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രായമായവരെയും അതിഥി തൊഴിലാളികളെയുമാണ് ഇയാൾ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി മുപ്പതോളം എടിഎം തട്ടിപ്പ് കേസുകളിൽ പ്രതിയാണ് തമ്പിരാജ്.
കേസിന് ആസ്പദമായ സംഭവത്തെക്കുറിച്ച് കട്ടപ്പന പൊലീസ് പറയുന്നത് ഇങ്ങനെ, ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് കട്ടപ്പന സ്വദേശിയായ ശ്രീജിത്ത്. എസ് നായർ കട്ടപ്പന ഇടശ്ശേരി ജംഗ്ഷൻ ഭാഗത്തുള്ള എസ്ബിഐയുടെ എടിഎം കൗണ്ടറിൽ തന്റെ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചു. എന്നാൽ കാർഡ് എടിഎം മെഷീനിൽ ഇടാൻ സാധിച്ചില്ല. തുടർന്ന് അടുത്തുള്ള കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് എന്നി എടിഎമ്മുകളിൽ എത്തിയപ്പോഴും സമാനമായ അനുഭവമാണ് ഉണ്ടായത്.
വീണ്ടും എസ്ബിഐയുടെ മറ്റൊരു എടിഎമ്മിൽ എത്തിയെങ്കിലും കാർഡ് മെഷീനിൽ ഇടാൻ സാധിച്ചില്ല. ഈ സമയം പണവുമായി ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. നിങ്ങൾക്ക് പണം ലഭിച്ചോയെന്ന ശ്രീജിത്ത് നായരുടെ ചോദ്യത്തിന്, അതെയെന്നും സഹായിക്കാമെന്നും അജ്ഞാതനായ ആൾ മറുപടി നൽകി.
കാർഡ് താ എന്നും പറഞ്ഞ് അയാൾ ശ്രീജിത്തിന്‍റെ പക്കൽനിന്ന് കാർഡ് വാങ്ങി എടിഎം മെഷീനിൽ ഇടുകയും ശ്രീജിത്തിനെകൊണ്ട് പിൻ നമ്പർ അടിപ്പിക്കുകയും ചെയ്തു. എന്നാൽ തെറ്റായ പിൻ എന്ന് സ്ക്രീനിൽ കാണിച്ചതിനെ തുടർന്ന് കാർഡുമായി ശ്രീജിത്ത് എടിഎമ്മിൽനിന്ന് മടങ്ങി. കൂടുതൽ എടിഎമ്മുകളിൽ ഉപയോഗിച്ചതിനാൽ ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് കരുതിയാണ് ശ്രീജിത്ത് പണമെടുക്കാതെ മടങ്ങിയത്.
എന്നാൽ അടുത്ത ദിവസം രാവിലെ മുതൽ തന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതായി ഉള്ള മെസ്സേജ് വന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതെന്ന് ശ്രീജിത്തിന് മനസിലായത്. തുടർന്ന് ബാങ്കിനെ സമീപിച്ചപ്പോഴാണ് തന്റെ കയ്യിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത എടിഎം കാർഡ് ആണെന്നും താൻ കഴിഞ്ഞദിവസം എടിഎമ്മിൽ എത്തിയപ്പോൾ അവിടെ നിന്ന ആള് തന്നെ കബളിപ്പിച്ച് എടിഎം കാർഡ് മാറ്റി നൽകുകയായിരുന്നുവെന്നും മനസിലായി.
തുടർന്ന് ശ്രീജിത്ത് ബാങ്കിലും കട്ടപ്പന പോലീസ് സ്റ്റേഷനിലും പരാതി നൽകി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം തട്ടിപ്പുകാരനെ കണ്ടെത്താനായി ആന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചും സാമാനമായ കുറ്റക്യത്യങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് തമ്പിരാജാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയത്.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ കേന്ദ്രികരിച്ച് സമാന രീതിയിലുള്ള മുപ്പതോളം കുറ്റക്യത്യങ്ങളിൽ തമ്പിരാജ് പ്രതിയാണെന്നും ഇയാൾ ആന്ധ്ര, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് സമാനമായ തട്ടിപ്പ് നടത്തുന്ന ആളാണെന്ന് പൊലീസിന് വ്യക്തമായി. ഇയാൾ വളരെ അപൂർവമായി മാത്രമേ വീട്ടീൽ വരാറുള്ളൂ എന്നും മനസിലാക്കി. തുടർന്ന് ഇയാളെ നിരീക്ഷിച്ചുവരുന്നതിനിടെ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന ഐപിടിസി മുരുകൻ, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ. എസ്ഐ സജിമോൻ ജോസഫ്, വി കെ അനീഷ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. തമിഴ്നാട് ക്രൈം പോലീസിൽ ഉള്ള എസ്ഐ ഷംസുദ്ദീൻ, സേതുപതി എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സമാനമായ കുറ്റകൃത്യത്തിൽപ്പെട്ട് ചെന്നൈ ജയിലിൽ കഴിഞ്ഞ പ്രതി ഒരു മാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഇയാൾ പ്രധാനമായും പ്രായമായവരെയും, അതിഥി തൊഴിലാളികളെയും ആണ് തട്ടിപ്പിനായി ആയി ലക്ഷ്യം ഇടുന്നത്. നിലവിൽ തമിഴ്നാട്ടിൽ 27 ഓളം സമാനമായ കേസുകളിൽ വിചാരണ നേരിടുന്ന ആളാണ് തമ്പിരാജ്. ഇയാളെ കർണാടക, ആന്ധ്ര, തമിഴ് നാട്ടിലെ സേലം എന്നിവിടങ്ങളിലെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇടുക്കി ജില്ലയിലെ പീരുമേട്, കുമളി, പാമ്പനാർ, വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിലും ഈ രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ളതായി പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാൾക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.