കേരളം
ഭാര്യയേയും മകളേയും തീകൊളുത്തിക്കൊന്ന മുഹമ്മദ് പോക്സോ കേസ് പ്രതി
ഭാര്യയെയും മക്കളെയും ഗുഡ്‌സ് ഓട്ടോറിക്ഷയിലിട്ട് തീകൊളുത്തി കിണറ്റിൽ ചാടി മരിച്ച ടിഎച്ച് മുഹമ്മദ് പോക്സോ കേസ് പ്രതി. കാസർകോട് മേൽപ്പറമ്പ് പോലീസാണ് 2020 നവംബർ 28 മുഹമ്മദിനെതിരേ കേസ് രജിസ്റ്റർചെയ്തത്. കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. പെരുമ്പള കാരത്തൊട്ടി തെച്ചിയോടൻ ഹൗസിൽ കുടുംബസമേതം താമസിച്ച് മീൻവിൽപ്പന നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.
25 ദിവസംകൊണ്ട് കുറ്റപത്രം സമർപ്പിച്ചതിന് കേസന്വേഷിച്ച മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് ഐ.ജി.യുടെ പ്രശംസാപത്രം ലഭിച്ചിരുന്നു. 240 ദിവസം റിമാൻഡിൽ കിടന്ന ശേഷമാണ് മുഹമ്മദിന് ജാമ്യം ലഭിച്ചത്. ഇന്നലെ മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട്ടാണ് അരും കൊല നടന്നത്. മുഹമ്മദിന്റെ രണ്ടാം ഭാര്യയായ ജാസ്മിനെയും രണ്ട് മക്കളേയും ഗുഡ് ഓട്ടോറിക്ഷയിൽ കയറ്റിയ ശേഷം പെട്രോളൊഴിച്ചു തീവയ്ക്കുകയായിരുന്നു. തുടർന്ന് മുഹമ്മദും തീകൊളുത്തി.
ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ ഭാര്യ ജാസ്മിനും പത്തുവയസ്സുള്ള മകള്‍ ഫാത്തിമ സഫയുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മകളെ ബന്ധുക്കളാണ് രക്ഷപ്പെടുത്തിയത്. അഞ്ചു വയസുകാരി ഇപ്പോൾ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മീൻ വിൽപനക്കാരനായ മുഹമ്മദും കുടുംബവും വർഷങ്ങളായി കാസർകോട് ജില്ലയിലെ കോളിയടുക്കം അണിഞ്ഞ റോഡിലെ വീട്ടിലായിരുന്നു താമസം. കുടുംബപ്രശ്നങ്ങൾ കാരണം ഒരു മാസം മുൻപ് ജാസ്മിനും മക്കളും കൊണ്ടിപറമ്പിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. ഇന്നലെ ഇവിടെയെത്തിയ മുഹമ്മദ് ഭാര്യാവീടിനു 100 മീറ്റർ അകലെ വണ്ടി നിർത്തിയശേഷം ഇവരെ വിളിച്ചുവരുത്തി ഓട്ടോയിൽ കയറ്റി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിനുള്ള ആസൂത്രണത്തോടെ എത്തിയ മുഹമ്മദ് ഓട്ടോയിൽ പടക്കം വച്ചിരുന്നു.
തങ്ങളെ കൊല്ലാൻ പോകുകയാണെന്ന് ജാസ്മിൻ വീട്ടിലേക്ക് മൊബൈലിൽ വിളിച്ചു പറഞ്ഞതിനെത്തുടർന്ന് ഓടിയെത്തിയ ബന്ധുക്കൾ കണ്ടത് തീ ആളിപ്പടരുന്ന വാഹനമാണ്. ഷിഫാനയെ മാത്രമാണ് രക്ഷപ്പെടുത്താനായത്. ദേഹത്തു തീപടർന്ന നിലയിൽ കിണറ്റിൽ ചാടിയ മുഹമ്മദിനെ സമീപവാസികൾ പുറത്തെത്തിച്ചെങ്കിലും മരിച്ചു. മുഹമ്മദിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പടക്കങ്ങൾ തുടർച്ചയായി പൊട്ടിയതും തീ ആളിക്കത്തിയതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. 40 മിനിറ്റ് കഴിഞ്ഞാണ് ഓട്ടോറിക്ഷയിലെ തീ അണയ്ക്കാന്‍ സാധിച്ചത്.