കേരളം
സംസ്ഥാനത്ത് കുരുമുളക് വില കുതിക്കുന്നു; കൂടെ മല്ലിയും
അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിച്ച് മുളകിനും മല്ലിക്കും വില ഉയരുന്നു. ഒരാഴ്ചയ്ക്കിടെയാണ് വറ്റല്‍, പിരിയന്‍ കാശ്മീരി മുളകുകള്‍ക്കും കുരുമുളകിനും വില കൂടിയത്. കിലോയ്ക്ക് 180 രൂപയാണ് കുരുമുളകിനു കൂടിയത്. മല്ലിക്ക് 30 രൂപയോളം കൂടി. ഉത്പാദന കേന്ദ്രങ്ങളില്‍ സീസണ്‍ കഴിഞ്ഞതാണ് വില വര്‍ദ്ധനവിന്റെ കാരണമായി കച്ചവടക്കാര്‍ പറയുന്നത്.
എല്ലാവര്‍ഷവും ഈസമയത്ത് മുളക് വില ഉയരുമെന്നാണ് മൊത്ത വ്യാപാരികള്‍ പറയുന്നത്. ആന്ധ്രയിലെ ഗുണ്ടൂര്‍, കര്‍ണാടകയിലെ മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മുളക് എത്തുന്നത്. ഈ മാസം പകുതിയോടെ ഗുണ്ടൂരില്‍ സീസണ്‍ ആരംഭിക്കും. ഇതോടെ വില കുറയുമെന്നാണ് പ്രതീക്ഷ.
ചെറുപയറിന്റെ വില ഒരു മാസത്തിനിടെ 95 രൂപയില്‍ നിന്നും 110 ല്‍ എത്തി. കൊച്ചുള്ളി വില 45ല്‍ നിന്നു 60 ആയി. കുത്തനെ ഇടിഞ്ഞു നിന്ന കുരുമുളകിന്റെ വിലയാണ് കുതിച്ചു കയറുന്നത്. 380- 400 രൂപയായിരുന്ന കുരുമുളകിന് 560 രൂപവരെ ആയിട്ടുണ്ട്. ഒരു മാസത്തിലേറെയായി തുടരുന്ന കനത്ത മഴയാണ് വിലവര്‍ദ്ധനവിനു കാരണമായി പറയുന്നത്.
മൊത്തവ്യാപാര സ്ഥാപനങ്ങള്‍ക്ക് കുരുമുളക് ലഭിക്കുന്നില്ല.നേരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ഷകര്‍ നേരിട്ട് കുരുമുളക് എത്തിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ കുരുമുളക് ലഭിക്കുന്നില്ല. വന്‍തോതില്‍ സംഭരിച്ചിരുന്നത് ഇടനിലക്കാരായതിനാല്‍ വിലവര്‍ദ്ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.