കേരളം
നിപ ജാഗ്രത : പനി ഉള്ളവർ ശബരിമല യാത്ര ഒഴിവാക്കണം; മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
ശബരിമലയിലെ കന്നിമാസ പൂജയ്ക്ക് പോകുന്ന തീർത്ഥാടകരിൽ പനി, ജലദോഷം, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നവയുള്ളവർ യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മാർഗനിർദേശം. നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്ന് തീർത്ഥാടകർ ഉൾപ്പെടെ ആരും പുറത്തുപോകാൻ പാടില്ല. മറ്റു പ്രദേശങ്ങളിൽനിന്നു യാത്രചെയ്യുന്ന ഭക്തർ കണ്ടെയ്ൻമെന്റ് മേഖലകൾ സന്ദർശിക്കുകയോ, അവിടങ്ങളിൽ താമസിക്കുകയോ ചെയ്യരുത്. നിലവിൽ ഏതെങ്കിലും രോഗങ്ങൾക്ക് ചികിത്സിക്കുന്നവർ ചികിത്സാരേഖകൾ കൈയിൽ കരുതണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിലും നിരന്തരം നിരീക്ഷിച്ച് പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.