ദേശീയം
18 വയസുകഴിഞ്ഞവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം; സുപ്രീംകോടതി
രാജ്യത്ത് 18 വയസ് കഴിഞ്ഞ ആര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഭീഷണി, പ്രലോഭനം, സമ്മാനങ്ങള്‍ നല്‍കല്‍ തുടങ്ങിയവയിലൂടെ നടത്തുന്ന നിര്‍ബ്ബന്ധിത മത പരിവര്‍ത്തനങ്ങള്‍ തടയാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കാന്‍ ഉള്ള അവകാശം പൗരനുണ്ട്. ഈ അവകാശം ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നതിന് കൃത്യമായ കാരണം ഉണ്ടെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി നല്‍കിയ അശ്വനി ഉപാധ്യായെ സുപ്രീം കോടതി വിമര്‍ശിച്ചു.
പ്രശസ്തി ലക്ഷ്യമിട്ടുള്ള ഹര്‍ജി ആണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. കനത്ത പിഴ ചുമത്തും എന്ന് കോടതി വ്യക്തമാക്കിയതോടെയാണ് അശ്വനി ഉപാധ്യായ ഹര്‍ജി പിന്‍വലിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനയുടെ 14, 21, 25 വകുപ്പുകളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ദുര്‍മന്ത്രവാദം, അന്ധവിശ്വാസങ്ങളുടെ ഭാഗമായി നടത്തുന്ന ആഭിചാര ക്രിയകള്‍ എന്നിവ നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.സുപ്രീം കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളെ സമീപിക്കും എന്ന് അശ്വിനി ഉപാധ്യായ അറിയിച്ചു.