കേരളം
ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍; ലഭിക്കുക സെപ്റ്റംബര്‍ മാസത്തേത്
സംസ്ഥാനത്തെ 48.16 ലക്ഷം സംസ്ഥാനത്തെ 48.16 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്കും 5.78 ലക്ഷം ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഒരുമാസത്തെ പെന്‍ഷന്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. സെപ്റ്റംബറിലെ പെന്‍ഷനായി 1600 രൂപയാണ് ലഭിക്കുക.
ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. സാമൂഹിക സുരക്ഷാ പെന്‍ഷനായി 715. 35 കോടി രൂപയും ക്ഷേമനിധി പെന്‍ഷനായി 91.25 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഫെബ്രുവരി വരെ അഞ്ചുമാസത്തെ പെന്‍ഷന്‍ ഇനി നല്‍കാന്‍ ബാക്കിയുണ്ട്. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്ബർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ടു വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.
അതേസമയം കേന്ദ്ര സർക്കാർ കേരളത്തെ സാമ്ബത്തികമായി ഞെരുക്കുന്നത് തുടരുമ്പോഴും കേരളം സാധാരണക്കാരെ ചേർത്തുപിടിക്കുകയാണെന്ന് ധനമന്ത്രി ഖെ എൻ ബാലഗോപാൽ പറഞ്ഞു.നികുതി വിഹിതവും മറ്റ് വരുമാനങ്ങളും നിഷേധിച്ചും, അർഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും കേരളത്തെ ഞെക്കിക്കൊല്ലാനാണ് കേന്ദ്രത്തിന്റെ ശ്രമം. അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍ ഹർജി കൊടുത്തതിന്റെ പേരില്‍ സാമ്ബത്തിക വർഷാവസാനം എടുക്കാനാകുന്ന വായ്‌പയ്‌ക്കും കേന്ദ്രം തടസ്സമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും ക്ഷേമ പെൻഷൻ അടക്കം ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവർത്തനങ്ങളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്.
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പ്രാധാന്യത്തില്‍തന്നെ പരിഹാരം ഉണ്ടാക്കാനും, അവരുടെ ആശ്വാസ പദ്ധതികള്‍ കൃത്യമായിതന്നെ നടപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഏപ്രില്‍ മുതല്‍ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു