കേരളം
പി.സി ജോർജ്ജ് പോലീസ് കസ്റ്റഡിയിൽ
ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുൻ എം.എൽ.എ. പി.സി.ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മുപ്പതോളം പോലീസുകാർ അടങ്ങുന്ന സംഘമാണ് കസ്റ്റിഡിയിലെടുത്തത്.
ഈരാറ്റുപേട്ടയിലെ വീട്ടിൽ പുലർച്ചെ എത്തിയായിരുന്നു കസ്റ്റിഡിലെടുത്തത് എന്നാണ് വിവരം. അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിക്കും. ഡി.ജി.പി. അനിൽകാന്തിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രിയാണ് പി.സി.ജോർജിനെതിരെ കേസെടുത്തത്. യൂത്ത് ലീഗ് ഉൾപ്പെടെ ഡി.ജി.പി.ക്ക് പരാതി നൽകിയിരുന്നു.
മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകൾക്കെതിരേ വിദ്വേഷപ്രസംഗവുമായി പി.സി. ജോർജ് സമ്മേളനത്തിനിടെ രംഗത്തെത്തിയിരുന്നു.
കച്ചവടം ചെയ്യുന്ന മുസ്ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങിയ ആരോപങ്ങള്‍ പിസി ജോര്‍ജ്ജ് നടത്തിയെന്നും ഇതെല്ലാം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും ഇവര്‍ക്കുമിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയില്‍ പറയുന്നു.