കേരളം
സര്‍ക്കാര്‍ വിഹിതം 14 ശതമാനമാക്കണം; പങ്കാളിത്ത പെന്‍ഷനില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ശുപാര്‍ശ ചെയ്ത് സമിതി റിപ്പോര്‍ട്ട്
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ വിഹിതം 10 ശതമാനത്തില്‍ നിന്നും 14 ശതമാനമായി ഉയര്‍ത്തണമെന്നാണ് സമിതിയുടെ ശുപാര്‍ശ.
ജീവനക്കാര്‍ മരിക്കുമ്പോഴോ, വിരമിക്കുമ്പോഴോ ലഭിക്കുന്ന ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി (ഡി.സി.ആര്‍.ജി) അലവന്‍സ് പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കും അനുവദിക്കണം. 10 വര്‍ഷത്തെ സേവന കാലയളവ് ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇവര്‍ക്കു ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയില്ല. 10,600 രൂപയാണ് ഏറ്റവും ഉയര്‍ന്ന എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍.
ഇത് 10 വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കും നല്‍കണം. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ 2013 ഏപ്രില്‍ ഒന്നിനു മുന്‍പ് പിഎസ്സി പരീക്ഷ എഴുതുകയോ, അഭിമുഖത്തില്‍ പങ്കെടുക്കുകയോ, റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കു പഴയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ അവസരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നതിന് നിയമ തടസ്സമില്ല. പദ്ധതി പിന്‍വലിച്ചാല്‍ ഭാവിയില്‍ ഭാരിച്ച പെന്‍ഷന്‍ ബാധ്യത സര്‍ക്കാരിന് ഉണ്ടാകുമെന്നും സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിന്‍വലിക്കണമെന്ന ശുപാര്‍ശ സമിതി നല്‍കിയിട്ടില്ല. റിട്ട. ജില്ലാ ജഡ്ജി എസ് സതീഷ് ചന്ദ്രബാബു അധ്യക്ഷനായ മൂന്നംഗസമിതി 2021 ഏപ്രിലിലാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഒഴിവാക്കണമെങ്കില്‍ അതില്‍ തെറ്റുണ്ടാകണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയില്‍ തെറ്റോ, നിയമലംഘനമോ അസാംഗത്യമോ കാണുന്നില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പായതു കൊണ്ട് ഇപ്പോഴോ സമീപ ഭാവിയിലോ സര്‍ക്കാരിന്റെ ചെലവു കുറയില്ല. 2040 ആകുമ്പോഴാണ് പെന്‍ഷന്‍ ചെലവു കുറയുക.
2039 വരെയാണ് കേരളത്തില്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ തുടരുക. 2039 മുതല്‍ 2044 വരെ വിരമിക്കല്‍ ഉണ്ടാകില്ല. കാരണം സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പ്രകാരം വിരമിക്കല്‍ പ്രായം 56 വയസ്സെങ്കില്‍ പങ്കാളിത്ത പെന്‍ഷന്‍കാര്‍ വിരമിക്കുന്നത് 60 വയസ്സിലാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വഴി സര്‍ക്കാരിന് ഇപ്പോള്‍ അധികച്ചെലവാണെങ്കിലും ഭാവിയില്‍ വലിയ തുക ലാഭിക്കാനാകും. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുവേ സര്‍വീസ് കാലാവധി കുറവായതിനാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൊണ്ട് വലിയ നേട്ടമില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.