കേരളം
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ കണക്കെടുപ്പിലെ അപാകതകള്‍ പരിഹകരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ കണക്കെടുപ്പിലെ അപാകതകള്‍ പരിഹരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനിത ശിശു വികസന സെക്രട്ടറി ചെയര്‍പേഴ്സണായും ഡയറക്ടര്‍ കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പേരുകള്‍ ജില്ലാ ശിശു സംരക്ഷണ സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ എന്തെങ്കിലും സംശയം ഉണ്ടായാല്‍ അന്തിമ തീരുമാനം സമിതിയുടേതാകും.
ആരോഗ്യ വകുപ്പിന്‍റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കാം. വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് പരാതി കൈമാറി പരിഹാരം ഉണ്ടാക്കും. കണക്കെടുപ്പ് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നു വന്ന പശ്ചാത്തലത്തിലാണ് വിശദീകരണമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.
കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ / രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ 3.2 കോടി രൂപ അനുവദിച്ചു. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും കുട്ടിക്ക് 18 വയസ്സാകുന്നതു വരെ മാസം തോറും 2000 രൂപയുമാണ് അനുവദിക്കുന്നതെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു വഹിക്കും. നിലവില്‍ ആനുകൂല്യത്തിന് അര്‍ഹരായ 87 കുട്ടികളാണുള്ളത്.