കേരളം
പാറശ്ശാലയിലെ ഷാരോണിന്റെ മരണം: പെണ്‍കുട്ടി അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് മരണമൊഴി; പരിശോധനാ ഫലത്തിന് കാത്ത് പൊലീസ്
പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പാറശ്ശാല ഇന്‍സ്‌പെക്ടര്‍ ഹേമന്ത്. ഷാരോണിന്റെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നാണ് മരണമൊഴിയില്‍ പറയുന്നത്. ഇതേ മൊഴി തന്നെയാണ് പൊലീസിനും ഷാരോണ്‍ നല്‍കിയിട്ടുള്ളതെന്നും പാറശ്ശാല സി ഐ വ്യക്തമാക്കി.
കഷായം കുടിക്കുമ്പോള്‍ വളരെ കയ്പാണെന്ന് പെണ്‍കുട്ടി പറയുമ്പോള്‍, ഷാരോണ്‍ കളിയാക്കുമായിരുന്നു. അന്ന് കാണാന്‍ ചെന്നപ്പോള്‍ കയ്പ് എന്തെന്ന് അറിയണമെന്ന് പറഞ്ഞ് കഴിച്ചു കൊണ്ടിരുന്ന കഷായം കുറച്ച് ഇയാള്‍ക്ക് കുടിക്കാന്‍ കൊടുത്തു. ഇതിന് കയ്പ് ആണെന്ന് യുവാവ് പറഞ്ഞപ്പോള്‍ കുടിക്കാന്‍ ജ്യൂസ് കൊടുത്തു. ഇതു കുടിച്ചശേഷം ഷാരോണ്‍ സുഹൃത്തിന്റെ അടുത്തേക്ക് തിരിച്ചു വന്നു.
പിന്നീട് ഛര്‍ദ്ദില്‍ അനുഭവപ്പെടുന്നു എന്നു പറഞ്ഞ് പാറശാല ആശുപത്രിയില്‍ യുവാവ് ചികിത്സ തേടി. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവാവിന്റെ ആന്തരികാവയവങ്ങള്‍ക്ക് പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 19-ാം തീയതി മജിസ്‌ട്രേറ്റിനെക്കൊണ്ട് മരണമൊഴി രേഖപ്പെടുത്തി. അസുഖമുണ്ടായതിന് പ്രത്യേക കാരണമൊന്നുമില്ലെന്നും, പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി കുടിച്ചത് കാരണമാണ് ഇങ്ങനെയുണ്ടായതെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് ഷാരോണ്‍ മരണമൊഴിയില്‍ പറയുന്നത് എന്നും ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.