കേരളം
പാലക്കാട്ടെ കൊലപാതകങ്ങൾ; കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗം
പാലക്കാട്ടെ ആർഎസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്തികളും സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിർദ്ദേശം നൽകിയത്. ഫേസ്ബുക്കിലും വാട്സാപ്പിലും പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ പോസ്റ്റുകളും കമന്റുകളും ഇടുന്നത് പൊലീസ് നിരീക്ഷിക്കും. ലവ് ജിഹാദ് ആരോപണത്തിന്റെ പശ്ചാത്തലത്തിലും സമുദായങ്ങൾ തമ്മിൽ സ്പർധ ഉണ്ടാകാതിരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ മുൻകരുതലെടുക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, പാലക്കാട് ഇരട്ടക്കൊലപാതകമുണ്ടായ പശ്ചാത്തലത്തിൽ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഈ മാസം 28ന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര നിയന്ത്രണവും തുടരും. ജില്ലയിലെ നിയന്ത്രണം പിൻവലിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെത്തുര്‍ന്നാണ് ജില്ലാ കളക്ടർ മൃണ്‍മയീ ജോഷിയുടെ നടപടി. കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് 16 പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോള്‍ നീട്ടിയത്. നേരത്തെ ഈ മാസം 24 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല. ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ഫോടക വസ്തു നിയമം 1884 ലെ സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.
അതേസമയം പാലക്കാട് സമാധാനം ഉറപ്പാക്കാൻ പോപുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി പറഞ്ഞു. പ്രതികളെ ശിക്ഷിക്കണം എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. രണ്ട് കൊലപാതകങ്ങളുമായും ബന്ധപ്പെട്ട് എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.