കേരളം
അപ്രഖ്യാപിത നിയമന നിരോധനം; സെക്രട്ടേറിയേറ്റിന് മുന്നില്‍ വീണ്ടും ഉദ്യോഗാര്‍ഥി സമരം
സെക്രട്ടേറിയേറ്റിന് മുന്നില്‍ വീണ്ടും നിയമനത്തിനായി സംഘടിച്ച പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ശക്തമാകുന്നു. 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക് പോകുന്നത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടനാകില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയാണ് സമരക്കാരുടെ ലക്ഷ്യം. സെക്രട്ടേറിയേറ്റിന് മുന്നില്‍ വനിതാ പോലീസ്, ഹൈസ്‌കൂള്‍ അധ്യാപകര്‍, ലാസ്റ്റ് ഗ്രേഡ് റാങ്കുകളില്‍ ഉള്‍പ്പെട്ടവരാണ് സമരത്തിന് വീണ്ടുമെത്തിയത്.
തിരഞ്ഞെടുപ്പിന് മുമ്പ് സമരം ഒത്തുതീര്‍പ്പാകാനായി ഒപ്പിട്ട ധാരണ നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്നതോടെ സംസ്ഥാനം നിയമന മരവിപ്പിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഉള്ളത്. പുതിയതായി ഒരു റാങ്ക് ലിസ്റ്റ് പോലും നിലവിലില്ലാത്ത സാഹചര്യത്തില്‍ നിലവിലെ ലിസ്റ്റുകളുടെ കാലാവധി നീട്ടിയില്ലെങ്കില്‍ ഈ വര്‍ഷം ഒരു നിയമനവും നടക്കാത്ത സ്ഥിതി ഉണ്ടാകും. ഒന്നര ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകളാണ് ഇതോടെ കണ്ണീരില്‍ മുങ്ങുന്നത്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ പുതിയ റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നതിനുള്ള പരീക്ഷകളൊന്നും ഉടനെ പി.എസ്.സി നടത്തുന്നില്ല.
ഇനി പുതിയ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുവരെയുള്ള സമയങ്ങളില്‍ വെറും ആറുമാസം മാത്രമാണ് തങ്ങള്‍ ചോദിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എല്‍.ഡി.ഡി, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ നിയമനത്തിനുള്ള പുതിയ റാങ്ക് പട്ടികകളില്ല. പരീക്ഷ നടത്തി പട്ടിക തയാറാകാന്‍ ആറു മാസമെങ്കിലും വേണ്ടിവരും. അത്രയും നാള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിക്കൊടുക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇനി പുതിയ പരീക്ഷ എഴുതാന്‍ സാധിക്കാതെ പ്രായപരിധി കഴിഞ്ഞവര്‍ ധാരാളമുണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ തീരുമാനം മാറ്റുമെന്നുമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
പരീക്ഷ നടത്തി ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പല റാങ്ക് ലിസ്റ്റുകളും നിലവില്‍ വന്നത്. പി.എസ്.സിയുടെ പുതിയ പരിഷ്‌കാരമനുസരിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകള്‍ക്ക് പരീക്ഷകള്‍ രണ്ടു ഘട്ടമായാണ് നടത്തുക. അങ്ങനെയാണെങ്കില്‍ ഓഗസ്റ്റ് നാലിന് റദ്ദാകുന്ന റാങ്ക് പട്ടികകള്‍ക്ക് പകരം പുതിയത് കൊണ്ടുവരാന്‍ നിരവധി സമയം വേണ്ടിവരും. അത്രയും നാള്‍ അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്ത് സംജാതമാകുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.